ദേശീയ സെൻസസ് 2027; ഇന്ന് മുതൽ എന്യൂമറേറ്റർമാർ വീട്ടിലെത്തി വിവരം ശേഖരിക്കും
കണ്ണൂർ : ദേശീയ സെൻസസ് 2027 ന്റെ ഭാഗമായി ഇന്ന് മുതൽ എന്യൂമറേറ്റർമാർ വീട്ടിലെത്തി വിവരം ശേഖരിക്കും.ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും ഇന്ന് മുതൽ ജൂലൈ 30 വരെ നടക്കും.കണ്ണൂർ ജില്ലയിൽ ആകെ 4100 എന്യൂമറേറ്റർമാർ ആണുള്ളത്. ജില്ലയെ താലൂക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ 16 ചാർജുകളായി തിരിച്ചാണ് എന്യൂമറേറ്റർമാറരെ വിന്യസിച്ചിട്ടുള്ളത്. തലശ്ശേരി താലൂക്കിൽ ആണ് കൂടുതൽ എന്യൂമറേറ്റർമാർ.
ഇതിനു പുറമേ ജില്ലയിൽ 670 സൂപ്പർവൈസർമാരുമുണ്ട്. ആദ്യത്തെ മൂന്നു ദിവസം എന്യൂമറേറ്റർമാരുടെ കൂടെ സൂപ്പർവൈസർമാരും ഫീൽഡിൽ ഉണ്ടാകും. ആകെ 33 ചോദ്യങ്ങളാണ് വീടുകളിലെത്തുന്ന എന്യൂമറേറ്റർ വിവരശേഖരണത്തിനായി ചോദിക്കുക. ഈ ചോദ്യങ്ങൾ നേരത്തെ വെബ്സൈറ്റിൽ പ്രവേശിച്ച് സെൽഫ് എന്യൂമറേഷൻ നടത്താൻ ജൂൺ 30 വരെ അവസരം നൽകിയിരുന്നു. സെൽഫ് എന്യൂമറേഷൻ മുഖേന വിവരം നൽകിയവർക്ക് ലഭിച്ച, H ൽ തുടങ്ങുന്ന 11 അക്ക എസ്.ഇ ഐഡി നമ്പർ എന്യൂമറേറ്റർക്ക് നൽകിയാൽ എന്യൂമറേറ്റർക്ക് ഈ 33 ചോദ്യങ്ങൾക്ക് വീണ്ടും വിവരശേഖരണം നടത്തേണ്ടതില്ല. നൽകിയ ഉത്തരങ്ങൾ സ്ഥിരീകരിച്ചാൽ മാത്രം മതി. സെൽഫ് എന്യൂമറേഷൻ മുഖേന നൽകിയ വിവരങ്ങളിൽ തിരുത്ത് ഉണ്ടെങ്കിൽ അത് എന്യൂമറേറ്ററുടെ ശ്രദ്ധയിൽപ്പെടുത്തി തിരുത്തുകയും ചെയ്യാം.
എച്ച്.എൽ.ഒ ആപ്പ് ഉപയോഗിച്ചാണ് എന്യൂമറേറ്റർമാർ വിവരശേഖരം നടത്തുക. വീടുകളിൽ എത്തുന്ന എന്യൂമറേറ്ററുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകി സെൻസസ് പ്രവർത്തനങ്ങളുമായി എല്ലാവരും പൂർണ്ണമായും സഹകരിക്കണമെന്ന് ജില്ലയുടെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ ആയ ജില്ലാ കളക്ടർ പി വിഷ്ണുരാജ് അഭ്യർത്ഥിച്ചു. സെൻസസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും.
.jpg)

