എൻ ഉണ്ണികൃഷ്ണൻ പുരസ്കാരം സാന്ത്വന പരിചരണ പ്രവർത്തകനായ കുതിരയോടൻ രാജന് സമർപ്പിക്കും

N Unnikrishnan will present the award to palliative care worker Kuthiyodan Rajan
N Unnikrishnan will present the award to palliative care worker Kuthiyodan Rajan

കണ്ണൂർ : തായംപൊയിൽ സഫ്‌ദർ ഹാശ്‌മി സ്‌മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ ഒമ്പതാമത്‌ എൻ ഉണ്ണികൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം കുറ്റ്യാട്ടൂർ കട്ടോളിയിലെ കുതിരയോടൻ രാജന്‌. അന്തരിച്ച സാമൂഹ്യപ്രവർത്തകനായ എൻ ഉണ്ണികൃഷ്‌ണന്റെ സ്‌മരണക്കായാണ്‌ ‌ പതിനായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം. 

സാന്ത്വന പരിചരണം, സാമൂഹ്യസേവനം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലെ നിസ്വാർഥമായ സേവനം പരിഗണിച്ചാണ്‌ പുരസ്‌കാരം.  വി വി  ഗോവിന്ദൻ അധ്യക്ഷനായ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. 24ന്‌ വൈകിട്ട്‌ ആറിന്‌ ചേരുന്ന പുരസ്‌കാരസമർപ്പണ സമ്മേളനത്തിൽ മുൻധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ അവാർഡ്‌ സമ്മാനിക്കും.

മുഴുവൻ സമയ സാന്ത്വനപ്രവർത്തകനായ രാജൻ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്‌ പാലിയേറ്റീവ്‌ മെഡിസിൻ കെയർ യൂണിറ്റിന്റെ മാനേജ് കമ്മറ്റി അംഗവും വളണ്ടിയറും ഐആർപിസിയുടെ രൂപീകരണം മയ്യിൽ സോണൽ കൺവീനറായും  പ്രവർത്തിക്കുന്നു. മാസംതോറും അഞ്ഞൂറിനടുത്ത് കിടപ്പുരോഗികൾക്ക് പരിചരണവും സാന്ത്വനവും ലഭ്യമാക്കുന്നു.  

സാന്ത്വന പരിചരണമെന്ന വാക്ക്‌ പൊതുസമൂഹത്തിന് പരിചതമാവും മുമ്പേ എഴുപതുകൾ മുതൽ ഈ മേഖലയിൽ സജീവമാണ്‌. പുഴുവരിക്കുന്ന കിടപ്പുരോഗികളേയും ശരീരം തളർന്നവരേയും പരിചരിക്കുന്നതിൽ, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്കൊപ്പം നിൽക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന മനുഷ്യനാണ്‌ കുതിരയോടൻ രാജൻ. ഫിസിയോതെറാപ്പിയും നഴ്‌സിങ് പരിചരണവും ഔപചാരികമായി പരിശീലിച്ചിട്ടില്ലെങ്കിലും രോഗീപരിചരണവുമായി ബന്ധപ്പെട്ട എല്ലാത്തിനും അസാമാന്യമായ കൈത്തഴക്കം ആർജിച്ചിട്ടുണ്ട്‌.

രാവിലെ എട്ടുമണി മുതൽ രാത്രിയോളം നീളുന്നതാണ് സാന്ത്വന പരിചരണത്തിൻ്റെ ദിനചര്യ. സിപിഐ എം  മാണിയൂർ ലോക്കൽ കമ്മറ്റിയംഗമാണ്. നേരത്തെ ഗ്രാമ പഞ്ചായത്ത്‌ വികാസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ,  ഗ്രാമപഞ്ചായത്തംഗം,  കുറ്റ്യാട്ടൂർ സർവീസ്‌ സഹകരണ ബാങ്ക്‌  പ്രസിഡന്റ്‌ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.  

നിർബന്ധപുർവം ഏറ്റെടുക്കേണ്ടി വന്ന വലിയ ചുമതലകൾ കയ്യാളുമ്പോഴും  സാന്ത്വന പരിചരണത്തിന്‌ പ്രഥമ പരിഗണന നൽകുന്ന മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയമാണ്‌ രാജനെ വേറിട്ടുനിർത്തുന്നത്‌. ഹരിതകർമസേനാംഗവും സാന്ത്വനപ്രവർത്തകയുമായ സുമതിയാണ് ഭാര്യ.

Tags