ഡോ. എം.വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക്‌ലോർ പുരസ്കാരം ഡോ. കെ.കെ.എന്‍ കുറുപ്പിന് സമ്മാനിച്ചു


രാമന്തളി:ആറാമത് ഡോ. എം.വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക്‌ലോർ പുരസ്‌കാരം കെ.കെ.എൻ. കുറുപ്പിന് സമ്മാനിച്ചു.കുന്നരു മലയാളം വായനശാലയും ഡോ. എം.വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക് ലോർ പഠനകേന്ദ്രവും വിഷ്ണുനമ്പൂതിരിയുടെ കുടുംബത്തിന്റെ സഹകരണത്തോടെയാണ് പുരസ്‌കാരം നൽകുന്നത് . ഫോക് ലോർ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ക്ഷേത്രകലാ അക്കാഡമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ പുരസ്‌കാര സമർപ്പണം നടത്തി. അനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പഠനകേന്ദ്രം കോളേജ് വിദ്യാർഥികൾക്കായി ‘വർത്തമാനകാലവും ഫോക് ലോറും’ എന്ന വിഷയത്തിൽ നടത്തിയ ഉത്തര മേഖലാ ഫോക് ലോർ ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ വടകരയിലെ ഇ.പി. അനുശ്രീ ബാബു, രണ്ടാം സമ്മാനം നേടിയ പയ്യന്നൂരിലെ സി. വിസ്മയ എന്നിവർക്കുള്ള പുരസ്‌കാരം ഡോ. കെ. കെ..എൻ കുറുപ്പ് സമ്മാനിച്ചു.
ചടങ്ങിൽ ടി.ഗോവിന്ദൻ (പൂരക്കളി കലാകാരൻ), എം.കെ.വത്സൻ പണിക്കർ(തെയ്യം കലാകാരൻ), സി.എം. നീലകണ്ഠൻ (ശില്പി), എം.വി.സുവർണിനി അന്തർജ്ജനം (വിഷ്ണു നമ്പൂതിരിയുടെ സഹധർമിണി) എന്നിവർ ചേർന്നാണ് സ്‌മൃതിദീപം തെളിയിച്ചത്. ഡോ. രാമന്തളി രവി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി.

ഡോ.കെ.കെ. എൻ കുറുപ്പ് മറുമൊഴിയും, പി.വി. നാരായണ മാസ്റ്റർ എന്നിവർ സ്വാഗതം അറിയിച്ച ചടങ്ങിൽ, ഇ.പി. അനുശ്രീ ബാബു, സി. വിസ്മയ, ഡോ. എം.വി.ലളിതാംബിക ,വി. പ്രമോദ്, കുപ്പത്തി കുഞ്ഞിരാമൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കണ്ണൂർ താവാം ഗ്രാമവേദിയുടെ നാടൻപാട്ട് “വടക്കൻ പെരുമ” അരങ്ങേറി.