ഇന്നത്തെ ഇന്ത്യ സഖ്യം എം വി രാഘവൻ മുന്നോട്ടുവച്ച ബദൽ രേഖയിലെ ആശയമെന്ന് എം വി രാജേഷ്

M. V. Rajesh states that the concept behind today's 'INDIA' alliance is derived from the 'alternative document' put forward by M. V. Raghavan.

കണ്ണൂർ : ഇന്ന് നാം കാണുന്ന ഇന്ത്യാ സഖ്യം യഥാർത്ഥത്തിൽ 1986 ൽ എം.വി.രാഘവൻ . മുന്നോട്ടുവെച്ച ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ജനാധിപത്യ കൂട്ടായ്മയുടെ പ്രതിഫലനമാണെന്ന് സി എം പി (അരവിന്ദാക്ഷൻ) സംസ്ഥാന ജനറൽ സെക്രട്ടറി എം വി രാജേഷ് പറഞ്ഞു. സി എം പി സ്ഥാപക ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ എം വി രാഘവന്റെ പന്ത്രണ്ടാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സി എം പി അരവിന്ദാക്ഷൻ വിഭാഗം പയ്യാമ്പലത്ത് സംഘടിപ്പിച്ച   അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ജനാധിപത്യ ശക്തികളുമായി ചേർന്നുകൊണ്ട് തീവ്ര വലതുപക്ഷത്തിനെതിരായ ശക്തിയായി വളർന്നുവരാനുള്ള ശ്രമത്തിന് തുടക്കം കുറിക്കാൻ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നുവെന്നത് മാത്രമാണ് ഒരു ചരിത്രവിസ്മയം.

ഇന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റു ജനാധിപത്യ കക്ഷികളും ഒന്നിച്ചുചേരുന്ന ആശയം സഖാവ് എം.വി.ആർ. 1986 ൽ തന്നെ ഉയർത്തിപ്പിടിച്ചതാണ്.ആ ആശയത്തിന്റെ പേരിൽ സി.പി.ഐ.എം.  പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട് പാർട്ടിക്ക് പുറത്തുപോകേണ്ടിവന്ന വ്യക്തിയായിരുന്നു എം.വി.ആർ.വർഷങ്ങൾക്കു മുമ്പുതന്നെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ച  എം.വി.ആറിന്റെ പന്ത്രണ്ടാം ചരമവാർഷികമാണ് സി.എം.പി. ഇന്ന് ആചരിക്കുന്നത്.

ഭിന്നാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു അന്ന് സഖാവ് എം.വി.ആർ.അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയങ്ങൾ ബദൽ രേഖ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.വിവിധ രാഷ്ട്രീയ പാർട്ടികളെയും നിലവിലുള്ള ജനാധിപത്യ ശക്തികളെയും ഒന്നിച്ചുചേർത്തുകൊണ്ട്ജനാധിപത്യ വിശ്വാസികളെ ഏകോപിപ്പിച്ച്, തീവ്ര വലതുപക്ഷ വർഗീയതയ്ക്കെതിരെ ശക്തമായ സമരമുഖം തുറക്കണമെന്നതായിരുന്നു സഖാവ് എം.വി.ആർ. മുന്നോട്ടുവെച്ച ബദൽ രേഖയുടെ അടിസ്ഥാന തത്വം.അന്ന് ഈ ആശയത്തെ പുച്ഛിച്ചുതള്ളുകയും, അതിന്റെ പേരിൽ സഖാവ് എം.വി.ആറിനെ യാതൊരു അപ്പീൽ നടപടിക്കും അവസരം നൽകാതെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തവർ, ഇന്ന് ഈ കാലഘട്ടത്തിൽ എം.വി.ആർ. അന്ന് ഉയർത്തിപ്പിടിച്ച ആശയങ്ങൾ അംഗീകരിക്കുന്ന പ്രവണതയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി എം വി മനോഹരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സഖീഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം ആർ ഭാസ്കരൻ,  കെ ശൈലജ,   കെ വി പ്രസാദ് സംസാരിച്ചു.ജില്ലാ സെക്രട്ടറി വി വി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.പയ്യാമ്പലത്ത് സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടന്നു.

Tags