സംഘടനാപരമായ തെറ്റുണ്ടായാൽ ആദ്യം രംഗത്ത് വരിക കോടിയേരിയായിരിക്കുമെന്ന് എം വി ജയരാജൻ

MV Jayarajan says that if there is an organizational error, the first person to come forward will be the Cronyist.

കണ്ണൂർ: കോടിയേരി ഉണ്ടായിരുന്നെങ്കിൽ സംഘടനാപരമായ തെറ്റുണ്ടായാൽ ആദ്യം രംഗത്തുവരിക കോടിയേരിയായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം വി ജയരാജൻ പറഞ്ഞു. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന ടികെ ഗോവിന്ദന്റെ പരാമർശത്തോടായിരുന്നു എം വി ജയരാജൻ്റെ പ്രതികരണം. 'വർഗീയതയുമായി സന്ധി ചെയ്യണമെന്ന നയം എംവി രാഘവൻ അടിച്ചേൽപിക്കാൻ ശ്രമിച്ചപ്പോൾ അതിശക്തമായി എതിർത്ത കൂട്ടത്തിലാണ് കോടിയേരി. 

പയ്യന്നൂരിലെ സംഘടനാപ്രശ്നത്തിൽ കോടിയേരിക്കു അശേഷം സംശയമുണ്ടായിരുന്നില്ല. രക്തസാക്ഷി ഫണ്ടോ കെട്ടിടനിർമാണ ഫണ്ടോ ഒന്നും ധനാപഹരണം നടത്തിയിട്ടില്ലെന്ന പാർട്ടി കണ്ടെത്തൽ കോടിയേരി ശരിവച്ചിട്ടുണ്ട്. കൃത്യമായ കണക്കു അവതരിപ്പിക്കാത്തതിനു മധുവിനെതിരെ നടപടി എടുത്തപ്പോൾ കോടിയേരിയാണ് ഉണ്ടായിരുന്നത്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ടികെ ഗോവിന്ദന്റെ പാർലമെന്റ് വ്യാമോഹത്തെ തുറന്നു കാട്ടുന്നത് കോടിയേരി ആയിരുന്നേനെ'യെന്നും എം വി ​ജയരാജൻ വ്യക്തമാക്കി. ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു എം വി ജയരാജൻ്റെ പ്രതികരണം.

ടികെ ഗോവിന്ദൻ കോടിയേരിയുടെ വീട് സന്ദർശിച്ചതിലും എം വി ജയരാജൻ പ്രതികരിച്ചു. 'ഒരാളുടെ വീട്ടിൽ മറ്റൊരാൾ പോയാൽ ഏത് രാഷ്ട്രീയത്തിൽ പെട്ടവരായാലും, ആ വീട്ടിൽ നിന്ന് ഗൃഹനാഥനോ നാഥയ്ക്കോ പുറത്താക്കാനാകില്ല. അവര് വന്നാൽ സ്വാഭാവികമായി ആതിഥ്യ മര്യാദ കാണിക്കണം. എന്നാൽ ഇങ്ങനെ ആളുകൾ വന്നാൽ സ്വീകരിച്ചാനയിച്ചു പോകുന്ന നിലയും നല്ലതല്ല. വന്നയാളെ തിരിച്ചയക്കാൻ പാടില്ല എന്ന് പറയുമ്പോൾ തന്നെ, വന്നയാൾ അവിടെ വന്ന് കഴിഞ്ഞാൽ സത്കരിച്ച് പറഞ്ഞയക്കുക എന്നത് നല്ലതാണ്. അതിനപ്പുറം ഉണ്ടാകുന്നത് ഗുണമല്ലെ'ന്നും എം വി ജയരാജൻ ചൂണ്ടിക്കാണിച്ചു. ടികെ ഗോവിന്ദൻ മാഷിനെ മറക്കാനാകില്ല, വർഗ വഞ്ചകനായി കാണാനാകില്ല എന്നതു വിനോദിനിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനപ്പുറം അതിലൊന്നുമില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി.

സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ടും എം വി ​ജയരാജൻ നിലപാട് പറഞ്ഞു. വീണ ടിയുടെ കമ്പനി സിഎംആർഎല്ലുമായി നടത്തിയത് സേവനത്തിനുള്ള കരാറാണെന്നായിരുന്നു എം വി ജയരാജൻ്റെ നിലപാട്. 'ഇതിനു സേവനം നൽകണമെന്ന് നിർബന്ധമില്ല. ഇതിനെ എങ്ങനെയാണ് മാസപ്പടിയായി വ്യാഖ്യാനിക്കുന്നത്. വർക്ക് ഫ്രം ഹോം ഉൾപ്പെടെ സാർവത്രികമായ കാലത്ത് ഇത്തരം ഇടപാടുകളിൽ സംശയിക്കാനൊന്നുമില്ല. പിണറായി വിജയന്റെ മകളായി പോയെന്ന ഒറ്റ കാരണത്തിലാണ് വീണ വേട്ടയാടപ്പെടുന്നത്. എംവി ഗോവിന്ദന്റെ ഭാര്യയായെന്ന കാരണത്തിലാണ് ശ്യാമള വേട്ടയാടപ്പെടുന്ന'തെന്നും എം വി ജയരാജൻ പ്രതികരിച്ചു. 

പേരാവൂരിൽ കെ കെ ശൈലജയുടെ സ്ഥാനാർത്ഥിത്വത്തിലും എം വി ജയരാജൻ പ്രതികരിച്ചു. കെ കെ ശൈലജ ടീച്ചറെ പേരാവൂരിൽ നിർത്തിയത് വിജയസാധ്യതയുണ്ടെന്ന നിഗമനത്തിലാണെന്ന് എം വി ജയരാജൻ വ്യക്തമാക്കി. മട്ടന്നൂരിൽ യുവജനരംഗത്തു നിന്നുള്ള ഒരാൾ വരട്ടെയെന്ന് തീരുമാനിച്ചു. സദ്ദുദ്ദേശപരമായ തീരുമാനമായിരുന്നു ഇതെന്നും എം വി ജയരാജൻ ചൂണ്ടിക്കാണിച്ചു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലുണ്ടായ തോൽവിയിൽ സ്ഥാനാർഥി നിർണയത്തിലുണ്ടായ പോരായ്മ ഒരു ഘടകമായെന്ന് എം വി ജയരാജൻ വ്യക്തമാക്കി. 'എംവി ഗോവിന്ദൻ ഒരു ഘട്ടത്തിലും തന്റെ ഭാര്യയെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞിട്ടില്ല. മന്ത്രി സ്ഥാനത്തു നിന്നു രാജിവച്ച് പാർട്ടി സെക്രട്ടറിയായ ആളാണ് എം വി ഗോവിന്ദൻ. തന്റെ ഭാര്യയെ എംഎൽഎ ആക്കുന്നതിൽ അദ്ദേഹത്തിനു ഒട്ടും സ്ഥാപിത താൽപര്യമുണ്ടായിരുന്നില്ല. തളിപ്പറമ്പിൽ വനിതാ സ്ഥാനാർഥി വേണമെന്ന തീരുമാനത്തിലാണ് ഭരണപരിചയവും സംഘടനാപാഠവവുമുള്ള ശ്യാമള ടീച്ചറെ സ്ഥാനാർഥിയാക്കിയ'തെന്നും എം വി ജയരാജൻ വ്യക്തമാക്കി.

Tags