കണ്ണൂർ നടാലിൽ യാത്രാദുരിതത്തിന് പരിഹാര മാർഗം അടിപ്പാത മാത്രം: എം വി ജയരാജൻ

Lok Sabha election defeat to be examined in Kannur district assembly: MV Jayarajan
Lok Sabha election defeat to be examined in Kannur district assembly: MV Jayarajan

കണ്ണൂർ: ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ യാത്രാസൗകര്യം തടസ്സപ്പെടുന്നതിന്‌ പരിഹാരമായി നടാൽ ഒ കെ യുപി സ്‌കൂൾ പരിസരത്ത്‌ അടിപ്പാത നിർമിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ കണ്ണൂരിൽനിന്ന്‌ തലശേരിയിലേക്കും തിരിച്ചും സർവീസ്‌ റോഡ്‌ വഴിയാണ്‌ ബസ്‌ സർവീസ്‌ ഉണ്ടാവുക. തോട്ടട വഴി തലശേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്കും നടാൽ ഗേറ്റ്‌ കടന്നാൽ ദേശീയപാതയ്‌ക്ക്‌ സമാന്തരമായി നിർമിക്കുന്ന സർവീസ്‌ റോഡിലേക്ക്‌ പ്രവേശിക്കാൻ നിലവിൽ സൗകര്യമില്ല.

മൂന്നരകിലോമീറ്റർ ചാല ജങ്‌ഷൻവരെ സഞ്ചരിച്ച്‌ ട്രാഫിക്‌ സർക്കിൾ ചുറ്റി വീണ്ടും നടാൽ ഭാഗത്തേക്ക്‌ സഞ്ചരിക്കണം. ഏഴുകിലോമീറ്റർ കൂടുതൽ സഞ്ചരിക്കേണ്ട സ്ഥിതിയാണ്‌ ഇതുവഴിയുണ്ടാവുക. പ്രദേശവാസികൾക്കും യാത്ര ദുഷ്‌കരമാകും. ഇഎസ്‌ഐ ആശുപത്രി, പോളിടെക്‌നിക്‌, ഐടിഐ, എസ്‌എൻ കോളേജ്‌, ഐഐഎച്ച്‌ടി, ടെക്‌നിക്കൽ ഹൈസ്‌കൂൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളും ഈ പ്രദേശത്താണ്‌. ഇവിടങ്ങളിലേക്കുള്ള യാത്രയും ദുരിതത്തിലാകും.

ഊർപഴശ്ശിക്കാവ്‌ പരിസരത്ത്‌ അടിപ്പാതയുണ്ടെങ്കിലും ഇതിന്‌ ഉയരം കുറവായതിനാൽ ബസ്സുകൾക്ക്‌ കടന്നുപോകാൻ കഴിയില്ല. നടാലിൽ  ഫുട്‌ ഓവർ ബ്രിഡ്‌ജ്‌ പണിയുമെന്നാണ്‌ ഉപരിതലഗതാഗത മന്ത്രി പറയുന്നത്‌. ഇത്‌ പ്രായോഗികമല്ല. നടാലിൽ അടിപ്പാത അനുവദിച്ചുകൊണ്ട്‌ കണ്ണൂർ തലശേരി റൂട്ടിൽ ഉയർന്നുവന്നിട്ടുള്ള പ്രശ്‌നത്തിന്‌ പരിഹാരം കാണണം. ധർമശാല, എമ്പേറ്റ് എന്നിവിടങ്ങളിലും ഗതാഗത പ്രശ്നം ഉണ്ട്. രണ്ടിടത്തും അടിപ്പാത വേണമെന്ന ആവശ്യം ശക്തമാണ്. സുഗമമായ ഗതാഗതത്തിന് മൂന്നിടത്തും അടിപ്പാത അനുവദിക്കണമെന്ന് എം വി ജയരാജൻ ആവശ്യപ്പെട്ടു.

Tags