കണ്ണൂർ കൻ്റോൺമെൻ്റ് പരിധിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കരുത് : എം.വി ജയരാജൻ

Do not evict families in Kannur Cantonment limits: MV Jayarajan
Do not evict families in Kannur Cantonment limits: MV Jayarajan

കണ്ണൂർ : വർഷങ്ങളായി താമസിച്ചുവരുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള കണ്ണൂർ കന്റോൺമെന്റ് അധികൃതരുടെ നീക്കം പ്രതിഷേധാർഹമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ കന്റോൺമെന്റ് പരിധിയിൽ 78 വർഷത്തിലേറെക്കാലമായി താമസിക്കുന്ന വീട്ടുനമ്പറും റേഷൻകാർഡും തുടങ്ങിയ എല്ലാ രേഖകളുമുള്ള കെ. ഹരി, ഷെറീഫ്, ഹുസൈൻ എന്നീ കുടുംബങ്ങൾക്കാണ് താമസിക്കുന്ന വീട്ടിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് കന്റോൺമെന്റ് നോട്ടീസ് നൽകിയിരിക്കുന്നത്.

കന്റോൺമെന്റിന് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇ ഡി.എസ്.സി. കമാൻ്റാണ് ഭരണം നിർവ്വഹിക്കുന്നത്. കന്റോൺമെന്റ് ബോർഡ് പിരിച്ചുവിടുമ്പോൾ കേന്ദ്ര ഗവൺമെന്റ്, പട്ടാളക്കാരുടെ ഓഫീസും മറ്റു കെട്ടിടങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശമൊഴികെയുള്ള ഭൂപ്രദേശം ഏത് തദ്ദേശ സ്ഥാപനത്തിന്റെ സമീപത്താണോ കന്റോൺമെന്റ് പ്രദേശം അവർക്ക് വിട്ടുകൊടുക്കാൻ 2023ൽ കേന്ദ്രഗവൺമെന്റ് തീരുമാനമെടുത്തതാണ്.

അതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ താമസിക്കുന്ന വീടുകളടക്കമുള്ള പ്രദേശങ്ങളും പൊതു ഇടങ്ങളും കണ്ണൂർ കോർപ്പറേഷന്റെ പരിധിയിൽ പെടുന്നതാണ്. ഇങ്ങനെയൊരു നോട്ടീസ് ഇപ്പോൾ കൊടുത്തതിന് നിയമത്തിന്റെ യാതൊരു പിൻബലവുമില്ല. മാത്രമല്ല, റവന്യൂ അധികൃതർ ഭൂപ്രദേശങ്ങൾ റീസർവ്വേ നടത്തി സ്ഥലം കൃത്യമായി നിർണ്ണയിക്കുന്നതിനുവേണ്ടി ഡി.എസ്.‌സി.ക്കും കന്റോൺമെന്റ് അധികൃതർക്കും നോട്ടീസ് കൊടുത്തപ്പോൾ യാതൊരു രേഖകളും തങ്ങളുടെ കൈയ്യിലില്ലെന്നാണ് ഉദ്യോഗസ്ഥന്മാർ വ്യക്തമാക്കിയത്. നിലവിലുള്ള രേഖകൾ അനുസരിച്ച് ഭൂപ്രദേശം തങ്ങളുടേതാണ് എന്ന് തെളിയിക്കാൻ യാതൊരു രേഖയും കന്റോൺമെന്റിന്റെ കൈവശവുമില്ല. പുറമ്പോക്ക് ഭൂമിയുണ്ടെങ്കിൽ റവന്യൂ വകുപ്പിന്റെ അധീനതയിലാണെന്നാണ് നിയമം.

പിന്നെയെങ്ങനെയാണ് വർഷങ്ങളായി താമസിച്ചുവരുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കുക? ഈക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും വർഷങ്ങളായി കന്റോൺമെന്റ് പരിധിയിൽ താമസിക്കുന്ന, ബോർഡ് പിരിച്ചുവിട്ടതിനാൽ ഭൂപ്രദേശം കോർപ്പറേഷനിലേക്ക് മാറ്റാനിരിക്കുന്ന സമയത്തുള്ള നിയമവിരുദ്ധമായ നോട്ടീസ് കന്റോൺമെന്റ് അധികൃതർ പിൻവലിക്കണമെന്നുംഎം വി ജയരാജൻ ആവശ്യപ്പെട്ടു.

Tags