എം.വി ഗോവിന്ദൻ എംഎൽഎ ഇടപ്പെട്ടു; തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ നിയോഗിച്ചു


കണ്ണൂർ: ഏറെ പ്രതിഷേധങ്ങൾക്ക് വഴിമരുന്നിട്ട തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ നിയമിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവവാർഡ് അടച്ചിട്ട പ്രശ്നത്തിന് ഇതോടെ താൽക്കാലിക പരിഹാരമായി. 11 സ്പെഷ്യാലിറ്റി വിഭാഗങ്ങളുള്ള തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ നിലവിൽ എല്ലാ വിഭാഗങ്ങളിലുമായി 25 ഡോക്ടർമാരുടെയും പൂർണ്ണമായ സേവനം തുടരും.
നിലവിൽ മൂന്ന് ഗൈനക്കോളജി ഡോക്ടർമാരുടെ പോസ്റ്റ് ഉള്ള ഈ സ്ഥാപനത്തിൽ ഒരു ഡോക്ടർ പ്രസവവുമായി ബന്ധപ്പെട്ട് അവധിയിൽ പോവുകയും, മറ്റൊരു ഡോക്ടർ അനധികൃതമായി ലീവെടുത്തു ജോലിക്ക് ഹാജരാകാതിരുന്നതിനാലും ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രം ലഭിക്കുന്ന സാഹചര്യം ഉണ്ടായി. ഈ സാഹചര്യം വന്നപ്പോൾ തന്നെ എം എൽ എ എംവി ഗോവിന്ദൻ മാസ്റ്റർ ഇടപെടുകയും ആശുപത്രിയിലെ ദൈനംദിന ജോലികൾ കൈകാര്യം ചെയ്യുന്നതിനായി അടിയന്തിരമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിന്നും ഒരു ഡോക്ടറെ വർക്കിംഗ് അറേഞ്ച്മെന്റ് രീതിയിൽ തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ നിയമിക്കുകയും ചെയ്തു .

പ്രസ്തുത ഡോക്ടർ കൂടി എത്തിയതോടെ ആശുപത്രി ഗൈനക്കോളജി ഒ.പി സേവനങ്ങൾ ആഴ്ചയിൽ ഞായർ ഒഴികെ ബാക്കി എല്ലാദിവസവും നടന്നു വരികയുമാണ്. ഈ സമയത്ത് തന്നെ അനധികൃത ലീവെടുത്തു പോയ ഡോക്ടർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഗൈനക് ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അവധിയിലുള്ള ഡോക്ടറെ പകരം പുതിയൊരാളെ നിയമിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കുന്നതിനും ആരോഗ്യ മന്ത്രി തന്നെ അടിയന്തിരമായും വിഷയത്തിൽ ഇടപെടുകയും ചെയ്തു.
ഈ നടപടികൾ പൂർത്തീകരിക്കാനായുള്ള സമയത്താണ് ചില പ്രതിസന്ധികൾ ആശുപത്രിയിൽ രൂപപ്പെട്ടത്. ആരോഗ്യ മന്ത്രിയുടെ നിർദ്ദേശപ്രകാരം അനധികൃത ലീവെടുത്തു പോയ ഡോക്ടർക്ക് പകരം പുതിയ ഡോക്ടറെ നിയമിച്ചുകൊണ്ട് ഇന്നലെ സർക്കാരിൽ നിന്നും ഉത്തരവിറങ്ങിയിട്ടുണ്ട്. ഇതോടുകൂടി 3 ഗൈനക് ഡോക്ടർമാരുടെ സേവനം ഇനി ആശുപത്രിയിൽ ലഭ്യമാകും. ഇതേ സമയത്ത് തന്നെ പുതിയ മെറ്റേണിറ്റി ബ്ലോക്ക് തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ ഓപ്പറേഷൻ ടേബിൾ, അനസ്തേഷ്യ വർക്ക് സ്റ്റേഷൻ എന്നിവ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനെ ആശുപത്രിയിൽ അടിയന്തിരമായി സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
പുതിയ ബ്ലോക്കിലെ ഓപ്പറേഷൻ തീയ്യറ്റർ അണുവിമുക്തമാക്കി ആരോഗ്യ വകുപ്പിന്റെ കൾച്ചറൽ ടെസ്റ്റ് പൂർത്തിയാകുന്ന മുറയ്ക്ക് വരുന്ന ആഴ്ചയിൽ രോഗികൾക്ക് പുതിയ ബ്ലോക്കിലെ ആധുനിക സൗകര്യങ്ങൾ കൂടി ലഭ്യമാകും . ഇതോടൊപ്പം ആശുപത്രിയിൽ ഒരു അനസ്തെറ്റിസ്റ്റ് മാത്രമാണ് ഇത്രയും കാലം ഉണ്ടായിരുന്നത്. ഇത് മുഴുവൻ സമയ ഓപ്പറേഷൻ തീയറ്റർ പ്രവർത്തിപ്പിക്കുന്നതിന് ബുദ്ധിമുട്ടായി വരുന്ന സാഹചര്യം ഉണ്ടായി. ഇത് പരിഹരിക്കുന്നതിനായി എം എൽ എ ഇടപെട്ട് രണ്ട് അനസ്തെറ്റിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക കൂടി ചെയ്തിട്ടുണ്ട്.
ഇതോടു കൂടി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയോടുകൂടി മുന്നോട്ട് പോവുന്ന സാഹചര്യമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. സർക്കാർ ആശുപത്രികളെ കൂടുതൽ ജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായുള്ള ഇടമായി മാറ്റിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തളിപ്പറമ്പ മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കി മാറ്റി തീർക്കുന്നതിനുള്ള ഇടപെടൽ ഇനിയും തുടരുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു.