സ്കൂൾ മേളകളിൽ തളിപ്പറമ്പ് എം.എൽ.എയ്ക്ക് തുടർച്ചയായ അവഗണന; ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്

Muslim Youth League strongly protests against continuous neglect of Taliparamba MLA at school fairs

​തളിപ്പറമ്പ്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ മേളകളിൽ നിന്ന് സ്ഥലം എം.എൽ.എയെ തുടർച്ചയായി അവഗണിക്കുന്ന സംഘാടകരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി. നവംബർ 10 മുതൽ 13 വരെ മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന-സമാപന സമ്മേളനങ്ങളുടെ പ്രചാരണ പോസ്റ്ററുകളിൽ നിന്നും എം.എൽ.എയെ പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്.

​ജനപ്രതിനിധികളെ പൊതുപരിപാടികളിൽ ഉൾപ്പെടുത്തണമെന്ന സർക്കാർ മാർഗനിർദ്ദേശങ്ങളും പ്രോട്ടോക്കോളും കാറ്റിൽപ്പറത്തിയാണ് സംഘാടകർ പ്രവർത്തിക്കുന്നത്. നേരത്തെയും വിവിധ ഉപജില്ലാ മേളകളിൽ സമാനമായ അവഗണന ഉണ്ടായിട്ടുണ്ട്. ഇത് യാദൃച്ഛികമല്ലെന്നും, കുട്ടികളുടെ സർഗാത്മക വേദികളെ സങ്കുചിത കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

​കേന്ദ്രത്തിലെ ഫാഷിസ്റ്റ് പ്രവണതകൾക്കെതിരെ വാചാലരാകുന്നവർ സ്വന്തം നാട്ടിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയോട് കാണിക്കുന്ന ഈ അസഹിഷ്ണുത ആത്മപരിശോധനയ്ക്ക് വിധേയമാക്കണം. സ്വന്തം സംഘടനയിലെ യുവതലമുറ അധ്യാപകർക്കുപോലും ഇത്തരം ഏകാധിപത്യ ശൈലികളോട് യോജിപ്പുണ്ടാകില്ല. വിദ്യാഭ്യാസ മേഖലയിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന ചില അധ്യാപകർക്കെതിരെയുള്ള മുൻകാല ആരോപണങ്ങളും അന്വേഷണങ്ങളും സംബന്ധിച്ച തെളിവുകൾ ആവശ്യമെങ്കിൽ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ മടിക്കില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. ​പ്രോട്ടോക്കോൾ ലംഘനത്തിൽ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ട് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. ജനപ്രതിനിധികളെ അവഗണിക്കുന്ന സമീപനം തുടർന്നാൽ ശക്തമായ ജനാധിപത്യ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

Tags