തളിപ്പറമ്പ് നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ സി.പി.എമ്മിന് വിറളിപിടിച്ചെന്ന് മുർഷിദ കൊങ്ങായി
തളിപ്പറമ്പ: ലൈഫ് പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പേ അഴിമതി ആരോപണം ഉന്നയിച്ച് സിപിഎം സ്വയം പരിഹാസ്യരാകരുതെന്ന് തളിപ്പറമ്പ നഗരസഭാ ചെയർ പേഴ്സൺ മുർഷിദാ കൊങ്ങായി.
നഗരസഭ പരിധിയിലെ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത പാവപ്പെട്ടവർക്ക് ഭവനം നിർമ്മിച്ചു നൽകുവാനുളള പദ്ധതിക്കാണ് പുളിമ്പറമ്പിൽ സ്ഥലം ഏറ്റെടുക്കാൻ നഗരസഭ കൗൺസിൽ ഐക്യകണ്ഠനെ തീരുമാനിച്ചത്. വില നിർണയിക്കാൻ വില്ലേജ് ഓഫീസറെയും തഹസിൽദാരെയും ചുമതലപ്പെടുത്തുകയും ചെയ്തു.ഈ സമയം വരെ നഗരസഭക്ക് വില നിർണയിച്ചു കിട്ടിയിട്ടില്ല. വസ്തുത ഇതായിരിക്കെ ഏറ്റെടുക്കാത്ത സ്ഥലത്തെക്കുറിച്ച് അഴിമതിയുടെ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സിപിഎം എല്ലാവരും തങ്ങളെ പോലെയാണെന്ന് കരുതരുത്.
tRootC1469263">പ്രസ്തുത ഭവന പദ്ധതിക്ക് ഈ ഭരണസമിതി തന്നെ തുടക്കം കുറിച്ചാൽ അത് തളിപ്പറമ്പിലെ ചില CPM പാർട്ടി പോക്കറ്റുകളിലെ പാവപ്പെട്ടവർക്ക് ഗുണം ചെയ്യുമെന്നും അതുവഴി മൂന്ന് തവണ നഗരസഭ ഭരണം കയ്യാളിയിട്ടും ഒന്നും ചെയ്യാത്ത സിപിഎമ്മിന്റെ തനിനിറം സഖാക്കൾ തിരിച്ചറിയുമെന്നും അത് ഏത് വിധേയനേയും നഗരസഭ പിടിക്കാനുള്ള തങ്ങളുടെ അതിമോഹത്തിന് വിലങ്ങാവുമെന്നും സിപിഎം മനസ്സിലാക്കിയതുകൊണ്ടാണ് പാവപ്പെട്ടവർക്ക് ലഭിക്കുന്ന ഭവന പദ്ധതിയുടെ തുടർ പ്രവർത്തനം അഴിമതി ആരോപണം ഉന്നയിച്ച് തടയാൻ ശ്രമിക്കുന്നത്.
മാലിന്യ മുക്ത നഗരസഭ പ്രവർത്തനത്തിന്റെ ഭാഗമായി നഗരം ശുചീകരിക്കുന്നതിന് നഗരസഭ ആവശ്യപ്പെട്ട പ്രകാരം 28.11.2023 ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് 73 കണ്ടിജന്റ് വർക്കർമാരുടെ ലിസ്റ്റ് ലഭിക്കുകയും ഇന്റർവ്യൂ നടത്തി എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് 23.12.2023 നഗരസഭ കൗൺസിൽ ഐക്യകണ്ഠേന ഏഴുപേരെ നിയമിക്കുകയും ചെയ്തു. നിയമനം നടത്തി ഒന്നേ മുക്കാൽ വർഷം നഗരസഭ കൗൺസിൽ യോഗങ്ങളിൽ ഉൾപ്പെടെ ഒരു ആരോപണവും ഉന്നയിക്കാത്തവർ ഇപ്പോൾ ആരോപണം കൊണ്ട് വരുന്നത് എന്ത് കണ്ടിട്ടാണ് എന്നത് ജനങ്ങൾക്ക് അറിയാം. തന്റേടമുണ്ടെങ്കിൽ സിപിഎം തെളിവുകൾ ഹാജരാക്കണം. എവിടെയും തൊടാതെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേർന്നതല്ല.
ആക്രി സാധനം വില്പനയുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലിൽ ആക്ഷേപം വന്നപ്പോൾ തന്നെ സ്റ്റിയറിങ് കമ്മിറ്റി വിശദമായി പരിശോധിക്കുകയും റവന്യൂ സൂപ്രണ്ടിനെ വിശദമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയും അന്വേഷണ റിപ്പോർട്ട് ലഭിച്ച ഉടൻ നിയമപദേശത്തിന് അയക്കുകയും ചെയ്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കുകയും മറുപടി ലഭ്യമാക്കുകയും ചെയ്തു.അടുത്ത കൗൺസിലിൽ വിഷയം ചർച്ച ചെയ്യാനിരിക്കെ അതിന്റെ പേരിൽ ഭരണസമിതിയെ കുറ്റപ്പെടുത്തുന്നത് അടുത്ത നഗരസഭാ യോഗത്തിൽ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉണ്ടാവുമ്പോൾ അത് തങ്ങളുടെ പേരിൽ വരവ് വെച്ച് എട്ടുകാലി മമ്മൂഞ്ഞി ചമയാനാണ്.
എംഎൽഎയുടെ വികസനത്തെ കുറിച്ച് പറയുന്നവർ കഴിഞ്ഞ നാലര വർഷം കാര്യമായ എന്ത് വികസന പ്രവർത്തനങ്ങളാണ് തളിപ്പറമ്പ നഗരസഭയിൽ കൊണ്ടുവന്നതെന്ന് വ്യക്തമാക്കണം.
തളിപ്പറമ്പിനകത്തും പുറത്തുമുള്ള മലയോര നിവാസികൾ ഉൾപ്പെടെ ദിനേന ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പോലും മതിയായ സൗകര്യങ്ങൾ ഒരുക്കാതെ വലിയ വലിയ പ്രഖ്യാപനങ്ങൾ മാത്രം നടത്തിപ്പോകുന്നതാണോ നേട്ടം? ആ കുറവുകൾ പോലും സാധ്യമായ രീതിയിൽ പരിഹരിക്കുന്നത് തളിപ്പറമ്പ് നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ്. മൊബൈൽ ഡിസ്പെൻസറി ക്കുള്ള വാഹനം വാങ്ങിയതും
ആറു വർഷമായി മുടങ്ങിക്കിടന്ന കണ്ണ് ഓപ്പറേഷൻ സംവിധാനത്തിനുള്ള ആധുനിക ഉപകരണങ്ങൾ ഒരുക്കിയതും ഉദാഹരണങ്ങൾ മാത്രം. ഡോക്ടർമാരെ സമയബന്ധിതമായി നിയമിക്കാത്തതിനാൽ പ്രസവം പോലും മുടങ്ങിയത് താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമാണ്. എച്ച്എംസിയും നഗരസഭയും നിരന്തരം ഇക്കാര്യങ്ങൾ സർക്കാറിന്റെയും എംഎൽഎയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടാവുന്നില്ല എന്നത് സിപിഎം നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയെ പരിപോഷിപ്പിക്കാനാണോ എന്ന് സിപിഎം വ്യക്തമാക്കണം.
കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിൽ പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്തും ജില്ലയിലും മികച്ച നേട്ടം കൈവരിച്ചതും എംഎൽഎയും സിപിഎം നേതാക്കളും നഗരസഭ ഓഫീസിൽ വന്നു നേതൃത്വം നൽകിയതുകൊണ്ടാണെന്ന് മാത്രം പറഞ്ഞേക്കരുത്. മാലിന്യ പ്രവർത്തനങ്ങൾക്ക് ഇന്ത്യ ഗവൺമെന്റിന്റെ നീതി ആയോഗിന്റെ അംഗീകാരവും സംസ്ഥാന ഗവൺമെന്റ് അംഗീകാരവും നേടിയ നഗരസഭ വികസന പ്രവർത്തനങ്ങളുടെ വിസ്മയം തീർത്താണ് മുന്നോട്ടുപോകുന്നത്.
ലൈഫ് പാർപ്പിട പദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ഭൂമിയുള്ള ഭവനരഹിതർക്ക് ആനുകൂല്യം നൽകി മികച്ച പ്രവർത്തനം കാഴ്ചവച്ച തളിപ്പറമ്പ നഗരസഭകുള്ള അംഗീകാരം ബഹു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയ നഗരസഭയാണ് നമ്മുടേത്. സമൂഹത്തിലെ ഏറ്റവും പ്രയാസപ്പെടുന്ന ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ബഡ്സ് സ്കൂൾ ആരംഭിച്ചതും ഏറെക്കാലമായി ഗതാഗത പ്രശ്നം നേരിടുന്ന ചിറവക്ക് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചതും കുപ്പം മുക്കോല പുളിമ്പറമ്പ എന്നീ പ്രദേശങ്ങളിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചതും ജനങ്ങൾക്ക് ബോധ്യമുണ്ട്.
അമൃത് പദ്ധതിയുടെ ഭാഗമായി പുഷ്പഗിരി, പുളിമ്പറമ്പ, പട്ടപ്പാറ എന്നിവിടങ്ങളിൽ വാട്ടർ ടാങ്ക് സ്ഥാപിച്ചു നഗരസഭയുടെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളമെത്തിച്ചതും രണ്ടായിരത്തോളം സൗജന്യ ഗാർഹിക കുടിവെള്ള കണക്ഷൻ നൽകാനുള്ള പദ്ധതിയും നഗരസഭയുടെ അഭിമാന നേട്ടങ്ങളാണ്. പുളിമ്പറമ്പ വ്യവസായ എസ്റ്റേറ്റ് പ്രവർത്തി പൂർത്തീകരിച്ചതും വർഷങ്ങളായി ആവശ്യപ്പെടുന്ന നഗരസഭ വൈറ്റനറി ഹോസ്പിറ്റൽ നവീകരണം പൂർത്തീകരിച്ചതും എടുത്തു പറയേണ്ടതാണ്. ജില്ലാ വെറ്റിനറി ഹോസ്പിറ്റൽ കഴിഞ്ഞാൽ ജില്ലയിലെ ഏക ഓപ്പറേഷൻ തിയേറ്റർ സംവിധാനം ഉള്ള വെറ്റിനറി ഹോസ്പിറ്റൽ തളിപ്പറമ്പ്നഗരസഭയിൽ ആണുള്ളത്.
നഗരസഭ കാര്യാലയത്തിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളും മനോഹര ഓഫീസ് സംവിധാനങ്ങളും ജനങ്ങളുടെ മുക്തകണ്ഠ പ്രശംസക്ക് വിധേയമായ വികസന പ്രവർത്തനങ്ങളാണ്. ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ആധുനിക രീതിയിലുള്ള വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റും സ്ത്രീ സുരക്ഷയുടെ ഭാഗമായി പൂർത്തീകരിച്ച
ഷീ ലോഡ്ജും പുഷ്പഗിരി സ്പോർട്സ് ഹബ്ബും ഉദ്ഘാടനത്തിന് സജ്ജമായി. ഏറെക്കാലമായി പ്രയാസം നേരിടുന്ന സലാമത്ത് നഗർ കാക്കത്തോട് പാളയാട് തോട് നവീകരണ പ്രവർത്തിയും പൂർത്തീകരണ ഘട്ടത്തിലാണ് .
ഫാറൂഖ് നഗറിൽ വനിതാ ഫിറ്റ്നസ്, കുണ്ടാം കുഴിയിൽ അപ്പാരൽ പാർക്ക്, ഏഴാംമലില്‍ എസ് സി ഹോസ്റ്റൽ, കൂവോട് ആയുർവേദ ആശുപത്രി നവീകരണവും ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ പ്രവർത്തനങ്ങളാണ്. നഗരസഭയിലെ 22 അംഗൻവാടികളും നവീകരിച്ചു.
നഗര സഭയിലെ അടിസ്ഥാന വികസനം എത്തിക്കാൻ എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ച തളിപ്പറമ്പ നഗരസഭയക്ക് കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ നുറുകണക്കിന് ജനോപകാര പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയാൻ സാധിക്കും. എന്നാൽ അങ്ങനെയൊരു പട്ടിക പുറത്തിറക്കാൻ എംഎൽഎക്ക് സാധിക്കുമോ.
നഗരസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിസ്ഥാനമില്ലാത്ത എന്തെങ്കിലും വിളിച്ചുപറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സ്ഥിരം വേല ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് സിപിഎം മനസ്സിലാക്കണ മെന്നും അവർ കൂട്ടിച്ചേർത്തു.
.jpg)

