മോഹനൻ നൂഞ്ഞാടൻ തളിപ്പറമ്പ് പുതിയ ആർ.ഡി.ഒ ആയി നാളെ ചുമതലയേൽക്കും
തളിപ്പറമ്പ്: തളിപ്പറമ്പ് പുതിയ റവന്യൂ ഡിവിഷണൽ ഓഫീസറായി (ആർ.ഡി.ഒ) മോഹനൻ നൂഞ്ഞാടൻ നാളെ ചുമതലയേൽക്കും. നിലവിൽ തിരുവനന്തപുരം ജില്ലയിൽ ദേശീയപാത വിഭാഗം ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മോഹനൻ നൂഞ്ഞാടന് തളിപ്പറമ്പുമായുള്ള ദീർഘകാലത്തെ ഔദ്യോഗിക പശ്ചാത്തലവും അനുഭവസമ്പത്തും ഈ പുതിയ ചുമതലയിൽ ഏറെ തുണയാകും.
നേരത്തെ, 2020 ജൂൺ മുതൽ തളിപ്പറമ്പ് തഹസിൽദാറായി അദ്ദേഹം മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ തളിപ്പറമ്പ് താലൂക്കിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ നിന്ന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. തുടർന്ന് മലപ്പുറത്ത് കിഫ്ബി (KIIFB) തഹസിൽദാരായി സ്ഥലംമാറ്റം ലഭിച്ചു.
തുടർന്ന് മികച്ച സേവനമികവിന്റെ അടിസ്ഥാനത്തിലാണ് രണ്ടു മാസം മുൻപ് അദ്ദേഹത്തിന് തിരുവനന്തപുരത്ത് ദേശീയപാത വിഭാഗം ഡെപ്യൂട്ടി കളക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്. അവിടെ നിന്നാണ് ഇപ്പോൾ തളിപ്പറമ്പിന്റെ പുതിയ ആർ.ഡി.ഒ ആയി അദ്ദേഹം വീണ്ടും നിയമിതനാകുന്നത്. തളിപ്പറമ്പ് താലൂക്കിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനകീയ പ്രശ്നങ്ങളും കൃത്യമായി അറിയാവുന്ന ഉദ്യോഗസ്ഥൻ ആർ.ഡി.ഒ ആയി എത്തുന്നത് മേഖലയിലെ റവന്യൂ ഭരണനടപടികൾക്ക് കൂടുതൽ വേഗത പകരുമെന്നാണ് വിലയിരുത്തൽ.
.jpg)

