കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി; കേസെടുത്ത് പോലീസ്

Mobile phone found again inside Kannur Central Jail; Police register case

കണ്ണൂർ:  കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ജയിൽ അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജയിൽ വകുപ്പ് ജോയിന്റ് സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജയിലിലെ 'സിഡി' ബ്ലോക്കിലുള്ള ആറാം നമ്പർ സെല്ലിന് പിന്നിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഫോൺ. കീപാഡ് ഉള്ള സാധാരണ ഫോണാണ് കണ്ടെടുത്തതെന്നും ഇതിൽ സിം കാർഡ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ജയിലിനുള്ളിൽ ഈ ഫോൺ ഉപയോഗിച്ചത് ഏത് തടവുകാരനാണെന്ന് തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തുന്നതിനായി ഉപകരണം സൈബർ സെല്ലിന് കൈമാറും. മുൻപ് ഫോണിൽ ഉപയോഗിച്ച സിം കാർഡുകൾ, വിളിച്ച നമ്പറുകൾ എന്നിവ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തുടർച്ചയായി മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും പിടികൂടുന്നത് പതിവായതോടെ ജയിൽ വകുപ്പ് പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ജയിലുകളിലെ സുരക്ഷാ വീഴ്ചകൾ തടയുന്നതിനായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലും നിർമ്മിത ബുദ്ധി കാമറകളും ഡ്രോണുകളും ഉൾപ്പെടെയുള്ള ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ജയിൽ വകുപ്പ് അടുത്തിടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തിയത്.

Tags