കനലണയാതെ മാടായി കോളേജ് കോഴ വിവാദം:എം.കെ രാഘവൻ എം.പിക്കെതിരെ അച്ചടക്കനടപടിയില്ലാതെ പിന്നോട്ടില്ല

rmk raghavan
rmk raghavan

പഴയങ്ങാടി :കോൺഗ്രസ് നിയന്ത്രണത്തിലുള്ള പ്രീയ ദർശിനി ട്രസ്റ്റ് ഭരിക്കുന്ന മാടായി കോളേജിൽ കോഴ വാങ്ങി സി.പി.എം പ്രവർത്തകർക്ക് ജോലി കൊടുത്ത സംഭവത്തിൽ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് പ്രാദേശിക നേതാക്കളും പ്രവർത്തകരും ഒരുങ്ങുന്നു. ഇന്ദിരാ പ്രീയ ദർശിനിസൊസൈറ്റി ചെയർമാൻ എം.കെ. രാഘവൻ എം.പിക്കെതിരെ അച്ചടക്കനടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. എം. കെ രാഘവൻ നടത്തിയ അനധികൃത നിയമനത്തിനെതിരെ രംഗത്തുള്ളവർ പ്രത്യേക കൺവെൻഷൻ വിളിച്ചു ചേർത്ത് ഭാവി സമരപരിപാടികൾ സ്വീകരിക്കും.

മാടായി കോളേജിലെ അനധികൃത നിയമനം ശക്തമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയപ്പോൾ ഡി.സി സി ഇടപ്പെട്ടു നടത്തിയ വെടി നിർത്തൽ കരാറിലെ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് പ്രദേശിക നേതാക്കൾ വീണ്ടും രംഗത്തുവന്നത്. നേരത്തെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി, ഡി.സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്, എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാലിനും ഇതു സംബന്ധിച്ചു പരാതി നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കാത്തിരുന്നിട്ടും ഈ കാര്യത്തിൽ നടപടിയെടുക്കാത്തതിനെ തുടർന്നാണ് പ്രതിഷേധക്കാർ പ്രത്യേക കൺവെൻഷനുകൾ വിളിച്ചു ചേർക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പ്രതിഷേധക്കാരുടെ ആദ്യ യോഗത്തിൽ ഈ മാസം അവസാന വാരത്തിൽ  കൺവെൻഷൻ വിളിച്ചു ചേർക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ കാര്യം ചൂണ്ടിക്കാട്ടി കൊണ്ടു സസ്പൻഷനിലായ ഡി.സി.സി അംഗം കാപ്പാടൻ ശശിധരൻ കണ്ണൂരിലെത്തിയ എഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ക്ക് എം.കെ രാഘവൻ എം.പിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു കത്തുനൽകിയിട്ടുണ്ട്. മാടായി കോളേജ് ഭരണസമിതി ചെയർമാൻ എം.കെ രാഘവനെതിരെ അച്ചടക്കനടപടി വേണമെന്നാണ് കത്തിലെ ആവശ്യം.

മാടായി കോളേജിൽ കോഴ വാങ്ങി രണ്ട് സി.പി.എം പ്രവർത്തകരെ നിയമിച്ചത് പാർട്ടിക്ക് നാണക്കേടായെന്ന് ദീപ ദാസ് മുൻഷി ക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടു. പ്രശ്ന പരിഹാരത്തിനായി കെ.പി സി.സി നിയോഗിച്ച മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കണ്ണൂരിലെത്തി പ്രതിഷേധക്കാരിൽ നിന്നും മൊഴിയെടുത്തുവെങ്കിലും നടപടിയുണ്ടാകാത്തതാണ് പ്രതിഷേധക്കാരെ പ്രകോപിക്കുന്നത്. അച്ചടക്കസമിതി റിപ്പോർട്ട് ഇതുവരെ തിരുവഞ്ചൂർ കെ.പി സി.സി ക്ക് കൈമാറിയിട്ടില്ല. സി.പി.എമ്മുകാർക്ക് കോൺഗ്രസ് ഭരിക്കുന്ന കോളേജിൽ ജോലി നൽകിയതിൽ തർക്കമുണ്ട്. ഇതു സാധൂകരിക്കുന്നതാണ് കോളേജ് ഡയറക്ടർമാരെ ഡി.സി.സി സസ്പെൻഡ് ചെയ്ത നടപടിയെന്നും പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ഈ നടപടിയെന്നും ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. പാർട്ടി വിരുദ്ധമായി എം.കെ രാഘവൻ എം.പി നടത്തിയ നിയമനം ചോദ്യം ചെയ്തതിനാണ് ഡി.സി.സി അംഗം കൂടിയായ തന്നെയും മാടായി ബ്ളോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.പി ശശി, പി. സതീഷ് കുമാർ, വരുൺ കൃഷ്ണൻ എന്നിവരെ ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് സസ്പെൻഡ് ചെയ്തത് ഈ നടപടി പിൻവലിക്കണമെന്നും കാപ്പാടൻ ശശിധരൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Tags