പഴയങ്ങാടി റെയിൽവേ അടിപ്പാത പ്രവൃത്തിക്ക് തുടക്കമായി :ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലൂടെ 10 മേൽപ്പാലങ്ങൾ പൂർത്തിയാക്കി: മന്ത്രി മുഹമ്മദ്‌ റിയാസ്

Work on Pazhayaangadi railway underpass begins: 10 flyovers completed under Kerala without level crossing project: Minister Muhammad Riyaz

പഴയങ്ങാടി :കഴിഞ്ഞ പത്തുവർഷത്തിൽ സമാനതകളില്ലാത്ത പശ്ചാത്തല വികസനമാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്നും ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതിയിലൂടെ 10 മേൽപ്പാലങ്ങൾ പൂർത്തിയാക്കിയതായും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് പറഞ്ഞു. പഴയങ്ങാടി റെയിൽവേ അടിപ്പാത പ്രവൃത്തി ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പണി പൂർത്തിയാക്കിയ നാലു മേൽപാലങ്ങൾ ഉദ്ഘാടനത്തിനു തയ്യാറായി. 30 എണ്ണത്തിന്റെ പണി നടക്കുന്നു. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ 150 മേൽപ്പാലങ്ങളാണ് സർക്കാർ യഥാർഥ്യമാക്കാൻ പോകുന്നത്. പഴയങ്ങാടി റെയിൽവേ അടിപ്പാത പൂർത്തിയാക്കുന്നതോടെ പതിറ്റാണ്ടായി മാടായി, മാട്ടൂൽ പ്രദേശത്തെ ജനങ്ങൾ അനുഭവിച്ചു വന്ന യാത്രാ ദുരിതത്തിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. എം. വിജിൻ എം. എൽ. എ അധ്യക്ഷനായി. ശിലാഫലകം അനാച്ഛാദനം ചെയ്തു. 

tRootC1469263">

നിലവിലുള്ള അടിപ്പാതക്ക് സമാന്തരമായി ആറ് മീറ്റർ വീതിയിലാണ് പുതിയ അടിപ്പാത നിർമ്മിക്കുക. ഏഴ്  കോടി രൂപയാണ്  സംസ്ഥാന സർക്കാർ ഇതിനായി അനുവദിച്ചത്. അപ്രോച്ച് റോഡ്, ഉപരിതല നവീകരണം, കോൺക്രീറ്റ് ഡ്രെയിനേജുകളുടെ നിർമ്മാണം, ക്രോസ്സ് ഡ്രെയിൻ ബ്രെയിൻ സ്ലാബ്, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് തുടങ്ങിയവക്കും അടിപ്പാത നിർമ്മാണത്തിനായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. 

റെയിൽവെ അടിപ്പാതയിൽ നിലവിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പഴയങ്ങാടി റെയിൽവെ സ്റ്റേഷൻ, പുതിയങ്ങാടി മത്സ്യ ബന്ധന കേന്ദ്രം, ചൂട്ടാട് ബീച്ച്, ടൂറിസം പാർക്ക് എന്നിവിടങ്ങളിലേക്ക് പോകുന്നവരും മാടായി, മാട്ടൂൽ പഞ്ചായത്തിലെ ജനങ്ങൾക്കും ഗതാഗതക്കുരുക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നിലവിലുള്ള അടിപ്പാതക്ക് സമീപത്തായി പുതിയ അടിപ്പാത  നിർമ്മാണം പൂർത്തിയായാൽ വൺ വേ സംവിധാനം ഏർപ്പെടുത്തും.

പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.സുജിത്ത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആർ ബബിത കുമാരി, മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബി. നസീർ മാട്ടൂൽ, മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  ബി സത്യഭാമ, ജില്ലാ പഞ്ചായത്ത് അംഗം എസ് കെ പി സക്കറിയ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വി കെ വിജയൻ, വാർഡ് അംഗം നൗഷിദ,  പൊതുമരാമത്ത് വകുപ്പ്  എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം ഹരീഷ്, അസിസ്റ്റന്റ് എഞ്ചിനീയർ കെ. ശ്രീരാഗ്,കെ പത്മനാഭൻ, വി വിനോദ്,  എം പി ഉണ്ണികൃഷ്ണൻ, പി.വി. ബാബുരാജേന്ദ്രൻ,  എസ് യു റഫീഖ്, ജസീർ അഹമ്മദ്, പി ജനാർദ്ദനൻ, പ്രൊഫ. ബി. മുഹമ്മദ്‌ അഹമ്മദ്,പി വി അബ്ദുള്ള, ശ്യാം വിസ്മ‌യ എന്നിവർ സംസാരിച്ചു.

Tags