മാതമംഗലം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പുതിയ കെട്ടിട്ടം മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു
മാതമംഗലം :രാജ്യത്തെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള സ്‌കൂളുകളും പഠനനിലവാരവും ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ധന വകുപ്പ് മന്ത്രി കെ . എൻ. ബാലഗോപാൽ പറഞ്ഞു. മാതമംഗലം സി. പി. നാരായണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതുതായി നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്ക് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറ്റവും പുതിയ അറിവുകൾ സ്വായത്തമാക്കുന്നതിനുള്ള സൗകര്യങ്ങൾ സ്‌കൂളുകളിൽ ഒരുക്കുന്നതിന് സർക്കാർ വലിയ ഇടപെടലാണ് നടത്തുന്നത്. ആ അറിവുകൾ പ്രയോഗിക്കുന്നതിനും നാട്ടിൽ തന്നെ മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷനായി.
എംഎൽ എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. സിവിൽ പ്രവൃത്തികൾക്ക് 1.65 കോടിയും വൈദ്യുതീകരണ പ്രവൃത്തികൾക്ക് 4.23 ലക്ഷം രൂപയും വകയിരുത്തിയിരുന്നു.രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിന്റെ ഓരോ നിലയിലും മൂന്ന് ക്ലാസ് റൂമുകളും നാല് ടോയ്‌ലെറ്റുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കെട്ടിടത്തിന് 318.35 ചതുരശ്ര മീറ്റർ വീതം വിസ്തൃതിയിൽ ഒന്നാം നിലയും രണ്ടാം നിലയും സ്റ്റെയർ മുറിയും ഉൾപ്പെടെ ആകെ 665.80 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉണ്ട്. കൂടാതെ ബോർ വെൽ, മുൻഭാഗത്ത് ഇന്റർലോക്ക് എന്നിവ കൂടി പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പി ഡബ്ല്യു ഡി ബിൽഡിംങ് സബ് ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ കെ ആഷിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
കോൺട്രാക്റ്റർ മുഹമ്മദ് ഹാരിഷിനുള്ള ഉപഹാരം മന്ത്രി നൽകി. എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ കെ പി രമേശൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ സരിത, വാർഡ് മെമ്പർ പി വി വിജയൻ, പ്രിൻസിപ്പൽ ഇൻചാർജ് ഇ വി ബാബു, ഹെഡ്മിസ്ട്രസ്സ് കെ കെ റീനകുമാരി, സ്‌കൂൾ ലീഡർ എ ദിയ, പി ടി എ പ്രസിഡന്റ് കെ പി വിജയൻ, മദർ പി ടി എ പ്രസിഡന്റ് കെ വി ശ്രീലത, വികസന സമിതി ചെയർമാൻ എം അരുൺ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

