ശ്രീകണ്ഠാപുരത്ത് നടന്നത് ഒരു വെറൈറ്റി ആനവണ്ടി കല്യാണക്കഥ : ദമ്പതികൾക്ക് ആശംസ അറിയിച്ച് മന്ത്രി കെ ബി ഗണേഷ് കുമാറും


ശ്രീകണ്ഠാപുരം :വിവാഹം പല രീതിയിൽ വെറൈറ്റിയാക്കാൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ അടിമുടി വെറൈറ്റിയായ ഒരു കല്യാണക്കഥയാണ് കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരത്തിന് പറയാനുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലാണ് ഒരു കെ എസ്.ആർ.ടി.സി കല്യാണക്കഥ.
ശ്രീകണ്ഠാപുരത്തെ വ്യത്യസ്തമായ ഒരു കെഎസ്ആർടിസി കല്യാണത്തിന് പിന്നിൽ ആനവണ്ടിയും യാത്രക്കാരും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയുണ്ട്.
വരനും വധുവിനും കല്യാണത്തിൽ പങ്കെടുത്തവർക്കും കെഎസ്ആർടിസിയുമായി ആത്മബന്ധം പുലർത്തുന്നവരാണ്.
വരൻ കെഎസ്ആർടിസി ഡ്രൈവറും വധു അതിലെ സ്ഥിരം യാത്രക്കാരിയുമാണ്. വിവാഹത്തിൽ പങ്കെടുക്കാൻ കെഎസ്ആർടിസി ബസിലെ യാത്രക്കാരുമെത്തി. കല്യാണത്തിന് വരനും സംഘവും എത്തിയത് ഇതേ കെഎസ്ആർടിസി ബസിലുമാണ്.
ശ്രീകണ്ഠപുരം അടുക്കം സ്വദേശി സിനു 10 വർഷമായി ഈ കെഎസ്ആർടിസി ബസ് ഡ്രൈവറാണ്. സ്ഥിരം യാത്രക്കാർക്ക് അവരുടെ കുടുംബത്തിലെ ഒരംഗമാണ്.

കാസർകോട് കളക്ടറേറ്റിലെ ജീവനക്കാരാണ് ഈ കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രക്കാരിൽ കൂടുതലും. അധ്യാപികയായ പരപ്പ സ്വദേശിനിസുനന്ദയും ഇടക്കാലത്ത് ബസിലേക്ക് കയറി. പിന്നീട് സ്ഥിരം യാത്രക്കാരി. അങ്ങനെ ജീവിതത്തിൽ ഒറ്റക്കോടിയ ഡ്രൈവർ സിനുവിന്റെ ജീവിതത്തിന് അധ്യാപികയായ സുനന്ദ ഡബിൾ ബെല്ലടിച്ചു.
ഈ ബസിലെ സ്ഥിരം യാത്രക്കാരായ 150ലധികം പേർ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പുമുണ്ട്. സിനുവും സുനന്ദയും തമ്മിലുള്ള സൗഹൃദം വിവാഹത്തിലേക്ക് എത്തിയപ്പോൾ കൂടുതൽ സന്തോഷിച്ചതും ഈ ബസിലെ യാത്രക്കാരാണ്. അങ്ങനെയാണ് ഒരു കെഎസ്ആർടിസി കല്യാണമായി ഇത് മാറുന്നത്.
കല്യാണത്തിന് പോകാൻ ഇതേ കെഎസ്ആർടിസി ബസ് തന്നെ ഡിപ്പോയിൽ അപേക്ഷിച്ച് അനുമതി വാങ്ങുകയും ചെയ്തു. അങ്ങനെ ആകെ മൊത്തത്തിൽ കല്യാണം ഒരു കെഎസ്ആർടിസി കല്യാണമാകുകയായിരുന്നു. ജീവിതത്തിൽ വ്യത്യസ്തമായ ഓർമ്മ സമ്മാനിച്ച എല്ലാവരോടും ദമ്പതികളായ സുനന്ദയും സിനുവും
സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു.
അതേസമയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ കെഎസ്ആർടിസി കല്യാണത്തിന് ആശംസയുമായി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും രംഗത്തെത്തി. 'നല്ല വാർത്ത, നല്ല സന്തോഷം, വധുവിനും വരനും വിവാഹ ആശംസകൾ', എന്നായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകൾ. സോഷ്യൽ മീഡിയയിൽപങ്കുവെച്ച വീഡിയോയ്ക്ക് താഴെയായിരുന്നു ഗണേഷ് കുമാർ കമന്റായി തൻ്റെ ആശംസകൾ അറിയിച്ചത്.