പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തപ്പോഴുണ്ടായ പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കും: മന്ത്രി കെ മുരളീധരൻ
കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ ഏറ്റെടുത്തതിനോടനുബന്ധിച്ച് ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങളിലുണ്ടായ അപാകതകൾ പരിശോധിക്കാൻ വിദഗ്ധർ അടങ്ങുന്ന ഉന്നതതല സമിതിക്ക് അടിയന്തരമായി സർക്കാർ രൂപം നൽകുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജ് സന്ദർശിക്കാനെത്തിയ മന്ത്രി ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പ്രതിനിധികൾ ഉന്നയിച്ച ആശങ്കകൾക്ക് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് പതിറ്റാണ്ടിലേറെ കാലം സഹകരണ മേഖലയിൽ പ്രവർത്തിച്ച ശേഷം സർക്കാർ ഏറ്റെടുത്ത സ്ഥാപനം എന്ന നിലയിൽ പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ശമ്പളം, തസ്തികകൾ തുടങ്ങിയ കാര്യങ്ങളിൽ വലിയ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകും. സമിതിയുടെ റിപ്പോർട്ട് പ്രകാരം സർക്കാർ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കും. ഇക്കാലയളവിൽ സർവീസിൽ നിന്ന് വിരമിച്ചവർക്കുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുന്നതിനും സംവിധാനമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.
സർക്കാർ ഏറ്റെടുത്ത ശേഷം തസ്തികയുമായി ബന്ധപ്പെട്ട് ജീവനക്കാർ ഓപ്ഷൻ നൽകിയപ്പോഴുണ്ടായ പിഴവുകൾ പരിഹരിക്കുന്നതിന് റീഓപ്ഷന് അവസരം നൽകും. വിവിധ ചികിത്സാ വകുപ്പുകളിൽ ആവശ്യത്തിന് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിന് മുഖ്യമന്ത്രി തന്നെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 1960കളിലെ സ്റ്റാഫ് പാറ്റേണാണ് ആരോഗ്യവകുപ്പിൽ നിലവിൽ തുടർന്നുവരുന്നത്. ഇത് പരിഷ്‌ക്കരിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും നടപടികൾ സ്വീകരിക്കും.
ഡെന്റൽ, നഴ്‌സിംഗ് വിഭാഗങ്ങൾക്ക് പ്രത്യേക പ്രിൻസിപ്പൽ തസ്തികകൾ അനുവദിക്കും. നഴ്‌സിംഗ് വിദ്യാർഥികൾക്ക് പുതിയ ഹോസ്റ്റൽ കെട്ടിടം പണിയുന്നതിനും വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിനും നടപടികൾ സ്വീകരിക്കും. ഇതിനായി എംപിമാരുടെയും എംഎൽഎമാരുടെയും പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടിൽ നിന്നും പണം കണ്ടെത്താനാവും. മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നത് ശുഭകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിൽ നിലവിൽ കാര്യക്ഷമമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ ജോലിയിൽ തുടരാൻ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
ആശുപത്രിയിൽ നിന്ന് സൗജന്യമായി നൽകേണ്ട മരുന്നുകൾ ലഭ്യമാക്കുന്ന കാര്യത്തിൽ ഒരു തടസ്സവും ഉണ്ടാവാൻ പാടില്ലെന്നും അക്കാര്യത്തിൽ നല്ല ഇടപെടൽ സർക്കാർ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജിൽ നടന്ന യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ അധ്യക്ഷനായി. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സൈറു ഫിലിപ്പ്, ദന്തൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി സജി, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ജി ശ്രീജ, മന്ത്രിയുടെ പിഎസ് ഡോ ഡി സുനിൽ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി അബൂബക്കർ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ ഷീബാ ദാമോദർ, കോളേജ് സൂപ്രണ്ട് ഡോ കെ ടി മാധവൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ പ്രവീൺ കുമാർ വൈ, ഡോ വിമൽ രോഹൻ കെ, ആർഎംഒ ഡോ ജ്യോതി ദാമോദർ, എആർഎംഒ ഡോ മനോജ് കുമാർ കെ പി, വിവിധ വകുപ്പ് തലവൻമാർ, വിവിധ വിഭാഗം ജീവനക്കാരുടെ പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ, വിരമിച്ച ജീവനക്കാരുടെ പ്രതിനിധി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
.jpg)

