പത്തനംതിട്ട ജില്ലയിലെ മഴക്കെടുതി ധനസഹായം ഉടൻ വിതരണം ചെയ്യും: മന്ത്രി എ പി അനിൽകുമാർ

anil kumar

പത്തനംതിട്ട :  ജില്ലയിലെ മഴക്കെടുതി ധനസഹായ വിതരണം ഉടൻ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ. പ്രകൃതിക്ഷോഭത്തെ തുടർന്ന് വെള്ളം കയറിയ കുടുംബങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും 10,000 രൂപ വീതമാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ഈ തുക അടിയന്തരമായി നൽകുമെന്ന് കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തിൽ അധ്യക്ഷനായ മന്ത്രി അറിയിച്ചു.

 നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായ കുടുംബങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും സെപ്റ്റംബർ അഞ്ച് മുതൽ തുക വിതരണം ചെയ്യും. ജനങ്ങൾക്ക് ലഭ്യമാകേണ്ട ധസഹായം പരമാവധി വേഗത്തിലും സുതാര്യമായും ചെയ്യുകയാണ് സർക്കാർ നയം. കാലവർഷക്കെടുതി നേരിടാൻ സ്ഥിരം സംവിധാനം ജില്ലയിൽ ഒരുക്കും. സാങ്കേതിക വശങ്ങൾ പഠിച്ച് മഴക്കെടുതിയുടെ ആഘാതം കുറയ്ക്കുകയാണ് ലക്ഷ്യം.
ജില്ലയിൽ ഡിജിറ്റൽ സർവേ പുരോഗമിക്കുന്നു. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലധികം പരാതികളാണ് ഉണ്ടായത്. എന്നാൽ കുറഞ്ഞ കാലയളവിൽ പകുതിയോളം പരിഹരിക്കാനായി. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ബാക്കി പരാതികൾ കാലതാമസമില്ലാതെ പരിഹരിക്കും.

പട്ടയവിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തീർപ്പാക്കും. സാങ്കേതികവശം പരിശോധിച്ച് മുടങ്ങി കിടക്കുന്നവ പട്ടയമേള സംഘടിപ്പിച്ച് വിതരണം ചെയ്യും. ജില്ലയിലെ വില്ലേജ് ഓഫീസുകളുടെ നവീകരണം പുരോഗമിക്കുന്നു. വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ടാക്കുകയാണ് ലക്ഷ്യം. ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം, ഭൂമി പതിച്ചുനൽകൽ, കയ്യേറ്റം ഒഴിപ്പിക്കൽ, ഭൂമി തരംമാറ്റം, നികുതി പിരിവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പരാതിപരിഹാര പോർട്ടൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.
ലാൻഡ് റവന്യൂ കമ്മീഷണർ എച്ച് ദിനേശൻ, ജില്ല കലക്ടർ എ നിസാമുദ്ദീൻ, സർവേ ഭൂരേഖ വകുപ്പ് ഡയറക്ടർ ജെ ഒ അരുൺ, സബ് കലക്ടർ സുമിത് കുമാർ താക്കൂർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags