സംസ്ഥാനത്ത് 24x7 പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയന്റ് സ്റ്റോറുകൾ തുടങ്ങുമെന്ന് മന്ത്രി അനൂപ് ജേക്കബ്ബ്

AnoopJacob


കണ്ണൂർ : സംസ്ഥാനത്ത് 24 x7 പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയന്റ് സ്റ്റോറുകൾ തുടങ്ങുമെന്ന് സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ്.പാടിയോട്ടുചാലിൽ മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർ സ്റ്റോറായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ മാവേലി സ്റ്റോറുകളും ഘട്ടമായി സൂപ്പർ സ്റ്റോറുകൾ ആയി മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി. ഉപഭോക്താവിന്റെ താല്പര്യവും അഭിരുചിയും മാറുന്നതിനനുസരിച്ച് സപ്ലൈകോയിലും മാവേലി സ്റ്റോറിലും കാലാനുസൃതമായ മാറ്റം ആവശ്യമാണ്. കൺവീനിയന്റ് സ്റ്റോറുകൾ ആദ്യം എല്ലാ മെട്രോ നഗരങ്ങളിലും തുടങ്ങും. പിന്നീട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും തുടങ്ങാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

1600 ൽപ്പരം ഔട്ട്‌ലെറ്റുകൾ ഉള്ള വലിയ ശൃംഖലയാണ് സപ്ലൈകോ എന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി സ്ഥാപനം സ്വയം പര്യാപ്തമാകേണ്ടതുണ്ട് എന്ന് വ്യക്തമാക്കി. പുതിയ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പരസ്യവരുമാനത്തിലൂടെയും മറ്റും ഇത് സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭക്ഷ്യോപദേശക കമ്മിറ്റികൾ സർക്കാർ വീണ്ടും സജീവമാക്കുമെന്നും മന്ത്രി അറിയിച്ചു.ആളുകൾക്ക് സൂപ്പർ മാർക്കറ്റ് പോലെ സ്വയം തിരഞ്ഞെടുക്കാൻ വിപുലമായ സാധനങ്ങളുടെ സെലക്ഷനാണ് സൂപ്പർ സ്റ്റോർ ഒരുക്കുന്നത്. 

പരിപാടിയിൽ വി കുഞ്ഞികൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. ലളിത ആദ്യ വിൽപ്പന നിർവഹിച്ചു. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ. കുഞ്ഞികൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രേഷ്മ വി രാജു, വാർഡ് അംഗം റസിയ വാഴവളപ്പിൽ, സപ്ലൈകോ റീജ്യനൽ മാനേജർ ഷെൽജി ജോർജ്, ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു കെ. എൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. 

Tags