ഏഴിമല നാവിക അക്കാദമിയിൽ 101 മിഡ്ഷിപ്മെൻമാർക്ക് ബിടെക് ബിരുദം സമ്മാനിച്ചു

B.Tech degrees were awarded to 101 midshipmen at the Ezhimala Naval Academy.

ഏഴിമല : ഇന്ത്യൻ നാവിക അക്കാദമി (ഐ.എൻ.എ.) ഏഴിമലയിൽ നടന്ന 28-ാമത് ബിരുദദാന ചടങ്ങിൽ 101 മിഡ്ഷിപ്മെൻമാർക്ക് ബിടെക് ബിരുദം സമ്മാനിച്ചു. ഇതിൽ ബംഗ്ലാദേശ്, കെനിയ, ടാൻസാനിയ എന്നീ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള നാല് അന്താരാഷ്ട്ര പരിശീലിതരും ഉൾപ്പെടുന്നു. ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശ്രീനിവാസ കുമാർ തുമ്മല മുഖ്യാതിഥിയായി പങ്കെടുത്ത് ബിടെക് ബിരുദങ്ങൾ വിതരണം ചെയ്തു.

111-ാമത് ഇന്ത്യൻ നാവിക അക്കാദമി കോഴ്‌സ് പൂർത്തിയാക്കിയവർക്കാണ് ബിരുദം നൽകിയത്. ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ കീഴിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് ബിരുദങ്ങൾ ലഭിച്ചത്.

അക്കാദമിക പഠനത്തോടൊപ്പം സൈനിക പരിശീലനവും സമന്വയിപ്പിച്ചുള്ള കഠിനമായ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയവരാണ് ബിരുദം നേടിയത്. ആധുനിക നാവിക പ്രവർത്തനങ്ങളിൽ നിർണായകമായ സാങ്കേതികവിദ്യകൾ, ആയുധ സംവിധാനങ്ങൾ, സെൻസറുകൾ, നെറ്റ്‌വർക്ക് അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനാവശ്യമായ അറിവും നൈപുണ്യവും പരിശീലനത്തിലൂടെ നേടിയിട്ടുണ്ട്.

ചടങ്ങിൽ ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അക്കാദമിക മികവ് പുലർത്തിയവർക്കുള്ള ചീഫ് ഓഫ് നേവൽ സ്റ്റാഫ് റോളിംഗ് ട്രോഫികൾ വിവിധ വിഭാഗങ്ങളിലായി സമ്മാനിച്ചു. അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ മിഡ്ഷിപ്മാൻ സുധീർ സിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ മിഡ്ഷിപ്മാൻ ഋഷി കാന്ത്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ മിഡ്ഷിപ്മാൻ തനിഷ് ജെയിൻ എന്നിവർ പുരസ്കാരങ്ങൾ നേടി.

Tags