മിഡ്നൈറ്റ് യൂണിറ്റി റണ്ണിന്റെ അഞ്ചാമത് എഡിഷൻ മാർച്ച് ഒന്നിന് കണ്ണൂരിൽ


കണ്ണൂർ: ഐക്യം ഊട്ടി ഉറപ്പിക്കാൻ "റൺ ഫോർ യൂണിറ്റി "എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് യൂണിറ്റി റണ്ണിന്റെ അഞ്ചാമത് എഡിഷൻ 2025 മാർച്ച് 1 ന് ശനിയാഴ്ച രാത്രി കണ്ണൂരിൽ നടക്കും .
കണ്ണൂർ കളക്ടറേറ്റിൽ നിന്നാണ് റണ്ണിന് തുടക്കമാവുക. തുടർന്നു താവക്കര , പുതിയ ബസ്സ് സ്റ്റാന്റിലേക്കുള്ള റോഡ് വഴി ഫോർട്ട് റോഡിൽ പ്രവേശിച്ച് പ്രഭാത് ജംഗ്ഷൻ ,സെൻറ് മൈക്കിൾസ് സ്കൂൾ റോഡ് ,പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ , ശ്രീ നാരായണ പാർക്ക് ,മുനീശ്വരൻ കോവിൽ ,പഴയ ബസ് സ്റ്റാൻഡ് ,ടൗൺ സ്ക്വയർ ,താലൂക്ക് ഓഫീസ് വഴി തിരിച്ച് കലക്ടറേറ്റിൽ സമാപിക്കും. 7 കിലോമീറ്റർ ദൂരം 1ന് അർദ്ധരാത്രി 11 മണിക്ക് തുടങ്ങി 2 ന് പുലർച്ചെ 12.30 മണിയോടെ താണ്ടിയെത്താനാണ് ഉദ്ദേശിക്കുന്നത് .
വ്യക്തികളായല്ല 5 പേര് അടങ്ങുന്ന ചെറു സംഘങ്ങളായാണ് മിഡ് നൈറ്റ് റണ്ണിന് പങ്കെടുക്കേണ്ടത് .പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും ടീ ഷർട്ട്, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.5 പേരടങ്ങിയ ഒരു ടീമിന് 500 രൂപയായിരിക്കും രജിസ്ട്രേഷൻ ഫീസ് . സ്കൂൾ /കോളേജ് വിദ്യാർത്ഥികൾക്കുള്ള ടീമിന് 250 രൂപയായിരിക്കും രജിസ്ട്രേഷൻ ഫീസ്.സ്ത്രീകൾ മാത്രമുള്ള ടീം , പുരുഷൻമാർ മാത്രമുള്ള ടീം , സ്ത്രീകളും പുരുഷൻമാരും മാത്രമുള്ള ടീം, യൂണിഫോം സർവീസിൽ ഉള്ളവരുടെ ടീം (മിലിട്ടറി/പോലീസ്/ഫയർ ഫോഴ്സ് എക്സൈസ്,ഫോറസ്റ്റ് ), സ്കൂൾ /കോളേജ് വിദ്യാർത്ഥികൾക്കുള്ള ടീം, മുതിർന്ന പൗരൻമാരുടെ ടീം,സർക്കാർ ജീവനക്കാരുടെ ടീം എന്നീ കാറ്റഗറികളിൽ ആയാണ് മത്സരം.events.dtpckannur.com എന്ന ലിങ്ക് മുഖേന ഓൺലൈൻ ആയോ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് ഫോൺ 0497-2706336 , 8330858604
