തളിപ്പറമ്പിൽ വൻ എം ഡി എം എ വേട്ട : വീട്ടിൽ നടത്തിയ പൊലിസ് മിന്നൽ റെയ്ഡിൽ യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: തളിപ്പറമ്പിൽ വൻ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റിൽ. 8818.20 ഗ്രാം എം.ഡി.എം.എ സഹിതം തളിപ്പറമ്പ് സലാമത്ത്‌നഗറിലെ അബൂബക്കർ സിദ്ദിക്കിന്റെ മകൻ ചുള്ളിയോടൻവീട്ടിൽ സി.മുഹമ്മദ് ദിൽഷാദ്(31) നെയാണ് റൂറൽ സിറ്റി പൊലിസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ലഹരിവിരുദ്ധ സേനയായ ഡാൻസാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.ദിൽഷാദിന്റെ വീട്ടിൽ എം.ഡി.എം.എ സൂക്ഷിച്ചതായി റൂറൽ ജില്ല പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിധിൻ, ഗ്രേഡ് എസ്.ഐ സി.പി.സജിമോൻ, സീനിയർ സി.പി.ഒ വിജേഷ്, സി.പി.ഒ സബിത, ഡാൻസാഫ് ടീമിലെ ഗ്രേഡ് എസ്.ഐ പി.ആർ.ജിജിമോൻ, സീനിയർ സി.പി.ഒമാരായ ടി.നിഷാന്ത്, കെ.വിജേഷ് എന്നിവരുൾപ്പെട്ട സംഘം ഇന്നലെ വൈകുന്നേരം 5.25 നാണ് സലാമത്ത്‌നഗർ മാരിയമ്മൻ ചിപ്‌സ് കമ്പനിക്ക് സമീപത്തെ ദിൽഷാദിന്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്.ദിൽഷാദിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ സിപ്‌ലോക്ക് പാക്കറ്റിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. മൈസൂരിൽ പോയപ്പോൾ വാങ്ങിയതാണെന്നാണ് ഇയാൾ പൊലിസിന് നൽകിയ മൊഴി.
എം.ഡി.എം.എ തൂക്കാൻ ഉപയോഗിക്കുന്ന വെയിംഗ് മെഷീനും 2,26,000 രൂപയും പൊലീസ് പരിശോധനയിൽ പിടിച്ചെടുത്തു.സലാമത്ത്‌നഗർ വാർഡ് കൗൺസിലർ കെ.അനീഷ്‌കുമാർ, സ്ഥലവാസിയായ സി.പി.നൗഫൽ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.നേരത്തെയും ലഹരിമരുന്ന് കേസിൽ പ്രതിയായ ദിൽഷാദ് ജില്ലയിലെ തന്നെ കുപ്രസിദ്ധനായ എം.ഡി.എം.എ വിൽപ്പനക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
അടുത്തകാലത്ത് തളിപ്പറമ്പിൽ നിന്നും പിടികൂടിയ വലിയ അളവിലുള്ള എം.ഡി.എം.എ വേട്ടയാണിത്.തളിപ്പറമ്പിലും പരിസരങ്ങളിലും എം.ഡി.എം.എ മൊത്ത വിൽപ്പന നടത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് ദിൽഷാദാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.ഇയാളുടെ കൂട്ടാളികളെ പോലീസ് അന്വേഷിച്ചുവരികയാണ്.
.jpg)

