എം.ഡി.എം.എ കടത്ത്; ലഹരി മാഫിയാ സംഘത്തിലെ 2 പേർ കൂടി അറസ്റ്റിൽ
ഇരിട്ടി: രാസലഹരി കേസിൽ രണ്ടുപേർ കൂടി പിടിയിലായി. കർണാടക മൈസൂർ വി.ടി.സി ഹുൻസൂരിലെ ബാൽമാൻ സ്ട്രീറ്റിൽ എച്ച്.കെ.ശിവകുമാർ, ഹുൻസൂർ സ്റ്റോർ സ്ട്രീറ്റിലെ എച്ച്.എൻ.മോഹിത് എന്നിവരാണ് അറസ്റ്റിലായത്.
ഇരിട്ടി പോലിസ് രജിസ്റ്റർ ചെയ്ത വൻരാസലഹരി കടത്ത് കേസിലെ മുഖ്യപ്രതികൾക്ക് ലഹരിക്കച്ചവടത്തിന് വേണ്ടി പണമിടപാട് നടത്താൻ സ്വന്തം ബാങ്ക് അക്കൗണ്ട് നൽകിയവരാണ് പ്രതികൾ. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് സ്വന്തം ബാങ്ക് അക്കൗണ്ടും സിം കാർഡും വിൽപ്പന നടത്തിയ ഇവരെ ഹുൻസൂരിലും മാണ്ട്യയിലും വച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയലിന്റെ നിർദ്ദേശപ്രകാരം ഇരിട്ടി ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ ഇരിട്ടി സർക്കിൾ ഇൻസ്‌പെക്ടർ കെ.വി ഉമേശനും ഈ കേസിലെ പ്രത്യേക അന്വേഷണ സംഘവും ഒരാഴ്ച കർണാടകത്തിൽ കേന്ദ്രീകരിച്ച് നടത്തിയ രഹസ്യ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതികൾ ഒളിച്ചു കഴിഞ്ഞിരുന്ന ഹുൻസൂരിലെ ഫാം ഹൗസിൽ ഇന്നലെ എത്തിയിട്ടുണ്ടെന്ന് രഹസ്യവിവര ത്തിന്റെ അടിസ്ഥാനത്തിൽ കർണാടകത്തിൽ വച്ചാണ് ഇരുവരെയും ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിൽ ഇതുവരെ ആറുപേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
.jpg)

