പയ്യന്നൂരിലെ ലോഡ്ജില്‍ വന്‍ എം.ഡി.എം.എ വേട്ട: മൂന്നുപേര്‍ അറസ്റ്റില്‍


പയ്യന്നൂര്‍: പയ്യന്നൂർ നഗരത്തിലെ ലോഡ്ജില്‍ വന്‍ മയക്കുമരുന്നുവേട്ട. മൂന്നുപേര്‍ അറസ്റ്റില്‍.കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ മെറൂണ്‍വില്ലയിലെ മുഹമ്മദ് ഷംനാദ്(35), രാമന്തളി വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപത്തെ പി.കെ.ഹൗസില്‍ പി.കെ.ആസിഫ്(29), രാമന്തളി ഗവ.ജി.എം.യു.പി സ്‌ക്കൂളിന് സമീപത്തെ മുഹമ്മദ് മുഹാദ് മുസ്തഫ(29) എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്.
പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.വിനോദ്കുമാറിന്
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പയിലെ ബുറാഖ്-ഇന്‍ ലോഡ്ജിൽ പരിശോധന നടത്തിയാണ് യുവാക്കളെ പിടികൂടിയത്. വ്യാഴാഴ്ച്ച രാത്രി 7.45നാണ് പൊലിസ് റെയ്ഡ് നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനയിൽ 166.68 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.ലോഡ്ജിലെ 207-ാം നമ്പര്‍ മുറിയില്‍ തങ്ങിയ സംഘം എം.ഡി.എം.എ വില്‍പ്പനക്കായി ചെറിയ പാക്കറ്റുകളായി മാറ്റാനുള്ള ശ്രമത്തിലായിരുന്നു.

പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്‍, പയ്യന്നൂര്‍ എസ്.ഐ. സി.സനീത്, ഗ്രേഡ് എസ്.ഐ കെ.ദിലീപ്, പ്രൊബേഷണറി എസ്.ഐമാരായ മഹേഷ്, നിഥിന്‍, സീനിയര്‍ സി.പി.ഒ അബ്ദുല്‍ അബ്ദുല്‍ ജബ്ബാര്‍, സി.പി.ഒ ഡ്രൈവര്‍ സുമേഷ് എന്നിവരാണ് മയക്കുമരുന്ന് പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നത്. കർണാടകയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് കൊണ്ടുവന്ന് ചില്ലറയാക്കി കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ വിൽപ്പന നടത്തിവരുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു. യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.