മയ്യിൽ-കൊളോളം-ചാലോട് എയർപോർട്ട് ലിങ്ക് റോഡ്: ടെൻഡർ നടപടികൾ സുപ്രീം കോടതിയുടെ പരിഗണനയിലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

Mayyil-Kololam-Chalod Airport Link Road Tender process is under consideration of Supreme Court, says Public Works Minister

തിരുവനന്തപുരം: തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ ചൊറുക്കള ബാവുപറമ്പിൽ നിന്നാരംഭിച്ച് മയ്യിൽ-കൊളോളം-ചാലോട് എയർപോർട്ട് ലിങ്ക് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ ബഷീർ നിയമസഭയെ അറിയിച്ചു. ടി. കെ ഗോവിന്ദൻ എം.എൽ.എ. ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിയുമായി ബന്ധപ്പെട് സാമ്പത്തിക-സാങ്കേതിക അനുമതികൾ ചൊറുക്കള മുതൽ ചാലോട് വരെയുള്ള ഒന്നാമത്തെ ഭാഗവും, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ മുതൽ സർ സയ്യിദ് കോളേജ്- ഭ്രാന്തൻ കന്ന് വരെയുള്ള രണ്ടാമത്തെ ഭാഗവും ഉൾപ്പെടെയുള്ള പ്രൊജക്റ്റിന് കിഫ്ബിയിൽ (KIIFB) നിന്നും 291.63 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമായിരുന്നു.

തുടർന്ന് പുതുക്കിയ എസ്റ്റിമേറ്റ് ടെക്നിക്കൽ കമ്മിറ്റി അംഗീകരിക്കുകയും, കിഫ്ബിയിൽ നിന്നും 306.49 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതിയും 299.33 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവും പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെയും നിർമ്മിതികളുടെയും മൂല്യനിർണ്ണയം പൂർത്തീകരിച്ചിട്ടുണ്ട്.
വിജ്ഞാപനം പ്രസിദ്ധീകരിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

നഷ്ടപരിഹാര തുക ഇതുവരെ വിതരണം ചെയ്തിട്ടില്ല. എന്നാൽ, തുക വിതരണം ചെയ്യാനുള്ള നടപടികൾ എൽ.എ (Land Acquisition) തഹസിൽദാർ മുഖേന ദ്രുതഗതിയിൽ പുരോഗമിച്ചുവരികയാണ്.

പ്രസ്തുത പ്രവൃത്തി 30.10.2025-ൽ ടെൻഡർ ചെയ്തിരുന്നു. എന്നാൽ, എൽ.1 (L1) ബിഡ്ഡറായ 'M/s PK Sulpheeker and Company'യുടെ പ്രീക്വാളിഫിക്കേഷൻ മാനദണ്ഡങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഫയൽ ചെയ്യപ്പെട്ട കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കോടതി നടപടികൾ നിലനിൽക്കുന്നതിനാലാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതെന്നും, അതിനാൽ നിർമ്മാണ ഏജൻസിയെ നിശ്ചയിക്കാനോ പ്രവൃത്തി എന്നു ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാനോ നിലവിൽ കഴിയില്ലെന്നും മന്ത്രി മറുപടിയിൽ കൂട്ടിച്ചേർത്തു.

Tags