കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് ഒക്ടോബർ 11,12 മാവിലായിയിൽ
കണ്ണൂർ :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് ഒക്ടോബർ, 11, 12 തിയ്യതികളിൽ മാവിലായിലുള്ള പെരളശ്ശേരി എകെജി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.62-ാം സംസ്ഥാന വാർഷികം പാലക്കാട് നടന്നതിനുശേഷം സംഘടനാപരമായ വിലയിരുത്തലിനു വേണ്ടി അർദ്ധവാർഷിക സംഘടനാ അവലോകനത്തിനായാണ് ദ്വിദിന ക്യാംപ് ചേരുന്നത്.വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികൾ പങ്കെടുക്കും.
അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും നടന്നുകൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷവൽക്കരണവും ഇതിന്റെ ഭാഗമായി ശാസ്ത്ര മേഖലയിലും ജന ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങളും ക്യാംപ് ചർച്ച ചെയ്യും.ക്വാണ്ടം തിയറിയുടെ ശതവാർഷികാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ ശാസ്ത്ര പ്രചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ 14 കോളേജുകളിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന നിൽക്കുന്ന സഞ്ചരിക്കുന്ന ശാസ്ത്രപ്രദർശനം സംഘടിപ്പിക്കും.
11 ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ ആഗോള രാഷ്ട്രീയവും വലതുപക്ഷവൽകരണവും എന്ന വിഷയത്തിൽ സാമൂഹ്യ ശാസ്ത്രജ്ഞൻ കെ.എം.സീതി ഉദ്ഘാടന പ്രഭാഷണം നിർവഹിക്കും.വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എൻ ചന്ദ്രൻ, ജനറൽ കൺവീനർ കെ കെ സുഗതൻ, പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ, കേന്ദ്ര നിർവാഹക സമിതി അംഗമായ പി.പി.ബാബു, കെ.വി ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
.jpg)

