മട്ടന്നൂർ പൊലിസ് സ്റ്റേഷന് അത്യാധുനിക കെട്ടിടമായി; ഉദ്ഘാടനം മാർച്ചിൽ


മട്ടന്നൂര്‍: മട്ടന്നൂർ പൊലിസ് സ്റ്റേഷനായി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. മാര്‍ച്ച് മാസം ആദ്യവാരത്തില്‍ മുഖ്യമന്ത്രിയെ കൊണ്ടു ഉദ്‌ഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ആഭ്യന്തര വകുപ്പ്. ഇതിന്റെ പരിപാടികൾ വിജയിപ്പിക്കുന്നതിനായി ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പ്രദേശവാസികൾ, പൊലിസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വാഗത സംഘം രൂപീകരിച്ചു.
മട്ടന്നൂര്‍ -കണ്ണൂര്‍ റോഡില്‍ നിലവിലുള്ള പൊലീസ് സ്‌റ്റേഷന് സമീപത്തായാണ് ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മിച്ചത്. ഒന്നരക്കോടിയോളം രൂപ ചിലവിട്ടാണ് ഇരു നില കെട്ടിടം പണിതത്. വര്‍ഷങ്ങള്‍ക്ക് മുൻപ് പണിത നിലവിലുള്ള പൊലീസ് സ്‌റ്റേഷന്‍ സ്‌ഥല സൗകര്യ കുറവ് കാരണവും ശോചനീയാവസ്‌ഥയിലുമായതിനെ തുടര്‍ന്നാണ് പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

രണ്ടു വര്‍ഷം മുൻപ് നിര്‍മാണ പ്രവൃത്തി ആരംഭിച്ച കെട്ടിടത്തിന്റെ പ്രവൃത്തി മാസങ്ങള്‍ക്ക് മുൻപെ പൂർത്തിയായിരുന്നു. പെയിന്റ് പ്രവൃത്തിയും നിലത്ത് ടൈല്‍സ് പാകലും കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഇന്റര്‍ലോക്ക് പ്രവൃത്തിയും കഴിഞ്ഞിട്ടുണ്ട്. പുതിയ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ മുന്നോടിയായി ബ്രിട്ടീഷുകാരുടെ ഭരണക്കാലത്ത് നിര്‍മിച്ച ചരിത്രമുള്ള മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കിയിരുന്നു. ഓടുമേഞ്ഞ കെട്ടിടമാണ് പൊളിച്ചു മാറ്റിയത്.
ജില്ലയില്‍ ഏറ്റവും വലിയ പ്രവര്‍ത്തന പരിധിയുള്ള പോലീസ് സ്‌റ്റേഷനുകളിലൊന്നാണ് മട്ടന്നൂര്‍. 1988ലാണ് നിലവില്‍ എസ്‌ഐയുടെ ഓഫീസും ലോക്കപ്പും സന്ദര്‍ശക മുറിയുമെല്ലാമുള്ള കെട്ടിടം നിര്‍മിച്ചത്. 2022 മാര്‍ച്ചിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത്. പൊളിച്ചു മാറ്റിയ ഓടുമേഞ്ഞ പഴയ കെട്ടിടമാണ് പോലീസ് സ്‌റ്റേഷന് വേണ്ടി ആദ്യം നിര്‍മിച്ചിരുന്നത്. ഓടുകളും മറ്റും തകര്‍ന്ന് കെട്ടിടം ശോച്യാവസ്‌ഥയിലായതോടെയാണ് ലേലം ചെയ്‌തു പൊളിച്ചു നീക്കിയത്. നിലവിലുള്ള ഒരു കെട്ടിടത്തിന്റെ ഒരു ഭാഗവും പൊളിച്ച് നീക്കിയിരുന്നു. പുതിയ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് കണ്ണൂര്‍ റോഡില്‍ നിന്ന് പുതിയ റോഡും ഗേറ്റും നിര്‍മിക്കുന്നുണ്ട്.