കേരളത്തിലെ ആദ്യ സ്വച്ഛ് സിറ്റി പദവി നേടി മട്ടന്നൂര്‍ നഗരസഭ രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

Mattannur Municipality received an award from the President after achieving the status of Kerala's first 'Swachh City'.

കണ്ണൂർ: കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയത്തിന്റെ 2025-26ലെ സ്വച്ഛ് സിറ്റി പദവി ലഭിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭയായി മട്ടന്നൂര്‍. സ്വച്ച് സര്‍വേക്ഷന്‍ റാങ്കിങ്ങില്‍ മികവു പുലര്‍ത്തിയാണ് സ്വച്ഛ് സിറ്റി ഓഫ് കേരള പുരസ്‌കാരത്തിന് നഗരസഭ അര്‍ഹമായത്. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം സ്വച്ഛ് ഭാരത് മിഷന്‍അര്‍ബന്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ദേശീയതല ശുചിത്വ വിലയിരുത്തലാണ് സ്വച്ഛ് സര്‍വേക്ഷണ്‍. മാലിന്യ ശേഖരണം, ഉറവിടതല തരംതിരിക്കല്‍, ശാസ്ത്രീയ സംസ്‌കരണം, പൊതുശുചിത്വം, ശൗചാലയ സൗകര്യങ്ങള്‍, ജനപങ്കാളിത്തം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ വിലയിരുത്തുന്നത്.

ശുചിത്വ- മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ബോധവല്‍കരണത്തിനായി നടത്തിയ ജനകീയ ഇടപെടലുകള്‍, കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന പദ്ധതികളുടെ സമയ ബന്ധിതമായ നടത്തിപ്പ്, ജനകീയമായി നടത്തിയ ശുചിത്വ  ക്യാമ്പയിനുകള്‍ തുടങ്ങിയവയാണ് മട്ടന്നൂര്‍ നഗരസഭയെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്. ഹരിതകര്‍മസേനയെ മികവുറ്റ രീതിയിലേക്ക് മാറ്റിയതും ശാസ്ത്രീയ മാലിന്യ പരിപാലനത്തിനായി കരിത്തൂര്‍പറമ്പിലെ സംസ്‌കരണകേന്ദ്രത്തില്‍ നടത്തിയ ആധുനിക വല്‍ക്കരണം, വിദ്യാലയങ്ങളില്‍ ഗ്രീന്‍ ഫോഴ്സ് രൂപീകരണത്തിലൂടെ നടത്തിയ ഇടപെടലുകള്‍, ജൈവ മാലിന്യ സംസ്‌കരണത്തിനായി നടത്തിയ ഗൃഹ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍, ജൈവമാലിന്യ സംസ്‌കരണത്തിനുള്ള വിന്‍ഡ്രോ കമ്പോസ്റ്റിങ് സംവിധാനം, അറവുമാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന ചിക്കന്‍ റെന്‍ഡറിങ് പ്ലാന്റ് തുടങ്ങിയവയും പുരസ്‌ക്കാരം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. കഴിഞ്ഞ വര്‍ഷം പ്രോമിസിംഗ് സ്വച്ഛ് ഷെഹര്‍ ഓഫ് കേരള പുരസ്‌കാരം മട്ടന്നൂരിന് ലഭിച്ചിരുന്നു. 

സ്വച്ഛ് സര്‍വേക്ഷണ്‍ റാംങ്കിംഗിനായി കേന്ദ്ര നഗരകാര്യ മന്ത്രാലയം നിയോഗിച്ച സംഘം രാജ്യ വ്യാപകമായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. നിര്‍മലം- പുതുയുഗശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം മട്ടന്നൂരില്‍ സംഘടിപ്പിച്ച ശുചിത്വ പ്രതിജ്ഞാ മതില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ദല്‍ഹിയിലെ വിജ്ഞാന ഭവനില്‍ നടന്ന അവാര്‍ഡ്ദാാനച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് പുരസ്‌കാരം ഏറ്റുവാങ്ങി. കേരളം തദ്ധേശ വകുപ്പ് സെക്രട്ടറി എസ് രാജമാണിക്യം, ഡയരക്ടര്‍ ദിവ്യ എസ് അയ്യര്‍, മട്ടന്നൂര്‍ നഗരസഭ സെക്രട്ടറി സിമി എച്ച്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ മജീദ്, ക്ലീന്‍ സിറ്റി മാനേജര്‍ ഷൈന്‍ പി ജോസ് എന്നിവര്‍ കേരള സംസ്ഥാനത്തിനു വേണ്ടി അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്തു.

Tags