തളിപ്പറമ്പ മാന്തംകുണ്ട് പുതുവത്സരാഘോഷ വിവാദം ; പോലീസിനെ ഉപയോഗിച്ച് സിപിഐ നേതാക്കളെ വേട്ടയാടുന്നു, സിപിഎമ്മിനെതിരെ ഗുരുതര ആരോപണം
തളിപ്പറമ്പ : മാന്തംകുണ്ടിൽ പുതുവത്സരാഘോഷവുമായി ബന്ധപെട്ട സംഭവങ്ങളിൽ സി.പി.എം നേതാക്കളുടെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും പോലീസിനെ ഉപയോഗിച്ച് സി.പി.ഐ നേതാക്കളെ വേട്ടയാടുകയാണെന്നും മണ്ഡലം കമ്മിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരസഭാ ഭരണം എൽ.ഡി.എഫിന് നഷ്ടപ്പെടുത്തിയത് സി.പി.എമ്മിലെ ഒരു വിഭാഗമാണെന്നും സി.പി.ഐ ആരോപിച്ചു.
tRootC1469263">സി.പി.എം നേതാക്കൾ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കിയാണ് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പത്രസമ്മേളനം വിളിച്ചുചേർത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാളയാട്, പുഴക്കുളങ്ങര വാർഡുകളിൽ സി.പി.എം സ്വീകരിച്ച നിലപാടാണ് തളിപ്പറമ്പ് നഗരസഭ ഭരണം എൽ.ഡി.എഫിന് നഷ്ടമാക്കിയത്. മുന്നണി മര്യാദകൾ ലംഘിച്ച് എടുത്ത തീരുമാനങ്ങളാണ് ഭരണം നഷ്ടപ്പെടാൻ കാരണമായതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ്റെ പുതുവത്സര പരിപാടിക്ക് അനുമതി നൽകുന്നതിൽ പോലീസ് ബോധപൂർവ്വം കാലതാമസം വരുത്തി. പരിപാടി തടയാൻ പോലീസ് ഗൂഢാലോചന നടത്തുകയും യുവധാര ക്ലബ്ബിനെക്കൊണ്ട് പരാതി എഴുതി വാങ്ങുകയുമായിരുന്നു. നാല് പതിറ്റാണ്ടായി പൊതുരംഗത്തുള്ള കോമത്ത് മുരളീധരൻ അടക്കമുള്ള നേതാക്കളെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടുവെന്ന് പറഞ്ഞ് കേസിൽ കുടുക്കിയത് വ്യക്തിപരമായി അധിക്ഷേപിക്കാനാണെന്നും സി.പി.ഐ ആരോപിച്ചു.
സി.പി.എം വിട്ട് സി.പി.ഐയിൽ എത്തിയവരോടുള്ള രാഷ്ട്രീയ വിരോധമാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും ഇത്തരം പീഡനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി. കോമത്ത് മുരളീധരൻ ഉൾപ്പെടെയുള്ളവരുടെ പേരിൽ ചുമത്തിയ കള്ളക്കേസ് പിൻവലിക്കാൻ തളിപ്പറമ്പ് പൊലിസ് തയ്യാറാകണം. കേരള പൊലിസിന് ഒരു നയമുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ ആ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പോലീസിനെതിരെ ആശയപരമായി തന്നെ പാർട്ടി പോരാട്ടം നടത്തും. തളിപ്പറമ്പ് പൊലീസിനെ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയിലെ ചിലർക്ക് പങ്കുണ്ട് എന്ന് ഞങ്ങൾക്ക് സംശയമുണ്ട്. അത് ദൂരീകരിക്കാനുള്ള ഉത്തരവാദിത്തം ആ പാർട്ടിക്ക് ഉണെന്ന് നേതാക്കൾ വ്യക്തമാക്കി. മാന്തംകുണ്ടിൽ പുതുവത്സരാഘോഷം നടക്കുമ്പോൾ ഇൻസ്പെക്ടർ ബാബുമോൻ, അഡീ. എസ്.ഐ സതീശൻ എന്നിവരുടെ നേതൃത്വത്തിൽ എത്തുകയും വളരെ മോശമായി പെരുമാറുകയും മൈക്ക് ഓഫ് ചെയ്യാൻ ഓപ്പറേറ്ററെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലിസിൻ്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തി എന്ന കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
കള്ളക്കേസുകളിൽ പ്രതിഷേധിച്ച് നടത്തിയ പൊലിസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത സി.പി.ഐ നേതാവ് പി. അജയകുമാർ തളിപ്പറമ്പ് പൊലിസിൻ്റെ നെറികേട് തുറന്നു കാട്ടിയതല്ലാതെ മുഖ്യമന്ത്രിക്കോ ആഭ്യന്തര വകുപ്പിന് എതിരായോ പരാമർശം നടത്തിയിട്ടില്ല. മാർച്ചിൽ പങ്കെടുത്തവർ ഭൂരിഭാഗവും മാന്തംകുണ്ടുകാരല്ല എന്ന ആരോപണവും വസ്തുതയ്ക്ക് നിരക്കാത്തതാണ്. ഏതാനും വർഷം മുമ്പ് സി.പി.ഐ പുറത്താക്കിയ പുല്ലായിക്കൊടി ചന്ദ്രൻ സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ യാതൊരു പ്രതികാര നടപടിയും ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. എന്നാൽ നാലര വർഷം മുമ്പ് സി.പി.എം വിട്ട് സി.പി.ഐയിൽ എത്തിയ മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിക്കുകയും പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ചുമത്തുകയുമാണ് ചെയ്യുന്നത്. ഇത് അവസാനിപ്പിക്കാത്ത പക്ഷം സി.പി.ഐ അതീവശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കെ.വി ഗോപിനാഥ്, തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ടി.വി നാരായണൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ കോമത്ത് മുരളീധരൻ, പി.കെ മുജീബ് റഹ്മാൻ, പി.എ ഇസ്മായിൽ, തളിപ്പറമ്പ് ലോക്കൽ സെക്രട്ടറി എം. രഘുനാഥ് എന്നിവർ പങ്കെടുത്തു.
.jpg)


