മണ്ണാർക്കാട് ആശുപത്രിപ്പടിക്ക് സമീപം നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി കാറിലും തുണിക്കടയിലും ഇടിച്ചു കയറി അപകടം
മണ്ണാർക്കാട് : പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടിക്ക് സമീപം നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി കാറിലും തുണിക്കടയിലും ഇടിച്ചു. ഒക്ടോബർ13 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. അപകടസമയത്ത് റോഡിൽ മറ്റു വാഹനങ്ങളോ ആളുകളോ അധികം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
പാലക്കാട്ടുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി ആൽത്തറ ഭാഗത്തെ കയറ്റം കയറുന്നതിനിടെ പെട്ടെന്ന് പിന്നിലേക്ക് പോവുകയായിരുന്നു. പിന്നിലേക്ക് നീങ്ങിയ ലോറി ഒരു കാറിന്റെ വശത്തിടിക്കുകയും തുടർന്ന് സമീപത്തെ തുണിക്കടയുടെ മുൻവശത്തേക്ക് ഇടിച്ചു കയറി നിൽക്കുകയുമായിരുന്നു. ഇടിച്ചതിന്റെ ആഘാതത്തിൽ കടയുടെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ പത്തു മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണ്ണാർക്കാട് പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതായാണ് വിവരം. ലോറിക്ക് മറ്റു സാങ്കേതിക തകരാറുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
.jpg)


