മംഗര പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു
തളിപ്പറമ്പ് :ചപ്പാരപ്പടവ്- കുപ്പം പുഴയ്ക്ക് കുറുകെ മംഗര കടവില്‍ നിര്‍മ്മിച്ച പാലം എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നാടിന് സമർപ്പിച്ചു. പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ സ്വപ്നമാണ് ഇതോടെ യാഥാർഥ്യമായത്. 175 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. പാലത്തിന്റെ ഇരുഭാഗത്തുമായി 200 മീറ്ററിലുള്ള അപ്രോച്ച് റോഡുമുണ്ട്. 13.4 കോടി രൂപയാണ് നിർമാണച്ചെലവ്. മംഗരയിൽനിന്ന് പുഴയ്‌ക്ക് അക്കരെ ബദരിയ നഗറിലേക്ക് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ് പാലം പൂർത്തിയായതോടെ പഴങ്കഥയായത്.
ചെറുപുഴ ഭാഗത്തുനിന്ന് വരുന്നവർക്ക് തേർത്തല്ലി എരുവാട്ടി വഴി മംഗരപാലം കടന്ന് പൈതൽമല, കുടിയാന്മല ഭാഗത്തേക്കും എയർപോർട്ട് ലിങ്ക് റോഡിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും. നിർദിഷ്ട സൂ സഫാരി പാർക്കിലേക്കും തളിപ്പറമ്പിലേക്കുമുൾപ്പെടെയുള്ള എളുപ്പവഴിയായി ഇത് മാറും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി രവീന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി മോഹന്‍, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, പാലം കമ്മിറ്റി കണ്‍വീനര്‍ ടി പ്രഭാകരന്‍, വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
.jpg)

