മംഗലശേരി ജലോത്സവം; ജലരാജാക്കൻമാരായി എ കെ ജി പെടോതുരുത്തിയും, അഴീക്കോടൻ അച്ചാതുരുത്തിയും, കൃഷ്ണപിള്ള കാവുംചിറയും
തളിപ്പറമ്പ : ജലകായിക പ്രേമികളെ ആവേശ കൊടുമുടിയിൽ എത്തിച്ച് തളിപ്പറമ്പ പട്ടുവം മംഗലശേരി ജലോത്സവം. 25 ആൾ തുഴഞ്ഞ മത്സരത്തിൽ എ കെ ജി പെടോതുരുത്തിയും 15 പേരുടെ മത്സരത്തിൽ അഴീക്കോടൻ അച്ചാതുരുത്തിയും വനിതാ വിഭാഗത്തിൽ കൃഷ്ണപിള്ള കാവുംചിറയും ഒന്നാം സ്ഥാനം നേടി. ജലരാജാക്കന്മാർക്ക് സിനിമതാരം ബാബു ആന്റണി സമ്മാനദാനം നിർവഹിച്ചു. മംഗലശ്ശേരി പുഴയുടെ ഓളപ്പരപ്പിൽ ആവേശതുഴകളറിഞ്ഞ് ജലോത്സവം. പതിനാല് ചുരുളൻ വള്ളങ്ങൾ അണിനിരന്ന മത്സരത്തിൽ മംഗലശേരി പുഴയോരത്ത് ജലോത്സവം വീക്ഷിക്കാൻ പതിനായിരകണക്കിന് വള്ളംകളി പ്രേമികളാണ് ഒഴുകിയെത്തിയത്. കാണികളുടെ മനം കവരാൻ ഫ്ലൈബോർഡ്, ജെറ്റ് സ്കൈ, വാട്ടർ സ്കൂട്ടർ, കയാക്കിങ് തുടങ്ങിയ സാഹസിക ജലപ്രകടനങ്ങളും അരങ്ങേറി.

കാണികളെ ആവേശത്തിലാക്കാൻ കായിക പ്രേമികളുടെ പ്രിയ കമന്റേറ്റർ ഷൈജു ദാമോദർ,ജോളി എതിരേറ്റ്, എന്നിവരുമുണ്ടായിരുന്നു. 25 പേർ തുഴഞ്ഞ മത്സരത്തിൽ എ കെ ജി പോടോതുരുത്തി ഒന്നാമത് എത്തി. പാലിച്ചോൻ അച്ചാതുരുത്തി രണ്ടാം സ്ഥാനവും അഴീക്കോടൻ അച്ചാതുരുത്തി മൂന്നാം സ്ഥാനവും നേടി . 15 പേരുടെ മത്സരത്തിൽ അഴീക്കോടൻ അച്ചാതുരുത്തിയാണ് ഒന്നാമത് എത്തിയത്.പാലിച്ചോൻ അച്ചാതുരുത്തി രണ്ടാം സ്ഥാനം ഏ കെ ജി പൊടോതുരുത്തി മൂന്നാം സ്ഥാനവും നേടി.

വനിതാ വിഭാഗത്തിൽ കൃഷ്ണപിള്ള കാവുംചിറയാണ് ഒന്നാം സ്ഥാനം നേടിയത്.പാലിച്ചോൻ അച്ചാതുരുത്തി, വയൽക്കര വെങ്ങാട് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ ടീമിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടിയ ടീമിന് 50 ,000 രൂപയും , മൂന്നാം സ്ഥാനം നേടിയ ടീമിന് 30,000 രൂപയും സമ്മാനതുകയായി നല്കി.വിജയികൾക്കുള്ള സമ്മാനദാനം സിനിമതാരം ബാബു ആന്റണി നിർവഹിച്ചു. മത്സരത്തിനിടെ ബോട്ടിൽ തനത് കേരളീയ കലാരൂപ്പമായ കഥകളി രൂപത്തിന്റെ പ്രദർശനവും കാണികൾക്ക് മനോഹര കാഴ്ചയാണ് സമ്മാനിച്ചത്. ബാലതാരം റാനിയ റഫീഖ് മുഖ്യഅഥിതിയായി.
.jpg)


