മലബാർ ടൂറിസത്തിന് പുത്തൻ ഉണർവ്വ്; തലശ്ശേരി തുറമുഖം ഇനി വിനോദസഞ്ചാര കേന്ദ്രം

New impetus for Malabar tourism; Thalassery Port to become a tourist destination

തലശേരി:ബ്രിട്ടീഷ് ഭരണകാലം മുതൽക്കേ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി ചരിത്രത്തിൽ ഇടംപിടിച്ച തലശ്ശേരി തുറമുഖം ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാകുന്നു. പഴയ പ്രതാപവും സാംസ്‌കാരിക പൈതൃകവും ഒട്ടും ചോർന്നുപോകാതെ, ആധുനികതയുടെ പുതുവെളിച്ചത്തിലേക്ക് ചുവടുവെക്കുകയാണ് തലശ്ശേരി തുറമുഖം. 'മിഷൻ സമുദ്ര' പദ്ധതിയുടെ ഭാഗമായി തലശ്ശേരി തുറമുഖത്തെ ഒരു അത്യാധുനിക സമുദ്ര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്.

നിയമസഭയിൽ എം.എൽ.എ കാരായി രാജൻ ഉന്നയിച്ച സബ്മിഷന് മുഖ്യമന്ത്രി വി ഡി സതീശൻ നൽകിയ മറുപടിയിലാണ് തലശ്ശേരിയുടെ മുഖച്ഛായ മാറ്റുന്ന ഈ വികസന പദ്ധതികൾ അറിയിച്ചത്. പി.പി.പി മാതൃകയിൽ കേരള മാരിടൈം ബോർഡിന്റെ കീഴിലുള്ള തലശ്ശേരി തുറമുഖത്തെ 1.40 ഏക്കർ സ്ഥലമാണ് വികസനക്കുതിപ്പിനായി ഒരുങ്ങുന്നത്. കടൽപ്പാലം, ഓഫീസ് സമുച്ചയങ്ങൾ, ക്വാർട്ടേഴ്‌സുകൾ, വെയർഹൗസുകൾ എന്നിവയടങ്ങുന്ന ഈ പ്രദേശം പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ വികസിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തിയായിക്കഴിഞ്ഞു. സ്ഥലത്തിന്റെ വിനോദസഞ്ചാര സാധ്യതകളും സാമ്പത്തിക സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഈ വികസനത്തിലൂടെ ലക്ഷ്യമിടുന്നത്.

തുറമുഖത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം നിലനിർത്തിക്കൊണ്ടാണ് പുതിയ നവീകരണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള കടൽപ്പാലവും അനുബന്ധ കെട്ടിടങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കും. സഞ്ചാരികൾക്കായി തുറമുഖത്ത് കടൽത്തീര നടപ്പാത, സമുദ്രപൈതൃക മ്യൂസിയം, ജലകായിക വിനോദങ്ങൾ, ഭക്ഷണശാലകൾ,സാംസ്‌കാരിക പരിപാടികൾക്കായുള്ള പ്രത്യേക വേദികൾ എന്നിവയാണ് ഒരുങ്ങുന്ന പ്രധാന ആകർഷണങ്ങൾ. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തലശ്ശേരി കോട്ട, വിഖ്യാതമായ മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച്, ധർമ്മടം തുരുത്ത് എന്നിവയുൾപ്പെടുന്ന മലബാർ വിനോദസഞ്ചാര ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമായി തലശ്ശേരി തുറമുഖം മാറും.

തദ്ദേശവാസികൾക്ക് നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതിക്ക് സാധിക്കും. ഒപ്പം, തങ്ങളുടെ ആസ്തികൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുന്നതിലൂടെ കേരള മാരിടൈം ബോർഡിന് സുസ്ഥിരമായ ഒരു വരുമാനം ഉറപ്പാക്കാനും ഈ വികസന പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴമയുടെ പെരുമയും പുതുമയുടെ സൗകര്യങ്ങളും ഒത്തുചേരുന്ന തലശ്ശേരി തുറമുഖം ഇനി മലബാർ ടൂറിസത്തിന്റെ പുതിയ മുഖമായി മാറുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Tags