മാടായി ഉപജില്ല കലോത്സവം ഒമ്പതു മുതൽ 13 വരെ അരങ്ങേറും

The Madayi sub-district arts festival will be held from the 9th to the 13th.

പിലാത്തറ : മാടായി ഉപജില്ല കലോത്സവം ഒമ്പത് മുതൽ 13 വരെ ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഒമ്പതിന്  രാവിലെ ഒമ്പതിന് എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സനൂപ് മോഹൻ അധ്യക്ഷത വഹിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 91 വിദ്യാലയങ്ങളിൽ നിന്നായി 2,500 ഓളം മത്സരാർത്ഥികൾ മാറ്റുരക്കും.  മാടായി ഉപജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ നിന്നായി 49 എൽ.പി.സ്കൂൾ, 26 യു.പി. സ്കൂൾ,16 എച്ച്. എസ്, എച്ച്‌. എസ്. എസ്, വി. എച്ച്. എസ് വിദ്യാലയങ്ങളിലെ പ്രതിഭകൾ 360 ലേറെ ഇനങ്ങളിൽ മാറ്റുരക്കും. സ്കൂൾ കാമ്പസിനുള്ളിലും പുറത്തുമായുള്ള 10 വേദികളിലാണ് കലോത്സവം നടക്കുക. ഓരോ ദിവസവും 3,000 മുതൽ 4,000 പേർക്ക് വരെ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. മികച്ച രീതിയിൽ ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്നതിന് അടുക്കളയും 600 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന പന്തലും ഒരുക്കിയിട്ടുണ്ട്. 

പൂർണ്ണമായും ഗ്രീൻപ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ഹരിതോത്സവം ആയിരിക്കും സംഘടിപ്പിക്കുക.കലോത്സവം വിജയമാക്കുന്നതിന് 400 ഓളം വളൻ്റിയർമാരെ പരിശീലിപ്പിച്ചിട്ടുണ്ട്.13ന് വൈകീട്ട് നാലിന്  സംഘാടക സമിതി വർക്കിങ് ചെയർമാൻ സി.പി. ഷിജുവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ബിനോയ് കുര്യൻ  ഉദ്ഘാടനം ചെയ്യും.
 
വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സനൂപ് മോഹൻ,വർക്കിങ് ചെയർമാൻ സി. പി. ഷിജു, ജനറൽ കൺവീനർ ഡോ. എൻ. രാജേഷ്,കൺവീനർ എം.സുനിൽകുമാർ, എ. ഇ. ഒ ഡോ. കെ. കെ. പി.സംഗീത, ടി വി ഉണ്ണികൃഷ്ണൻ, വി. വി. രാജേഷ്, കെ. കെ. വി. ലക്ഷ്മണൻ,എം. വി. സൗമ്യ, പി. വി. രവി, ബാബു വയക്കര, രാജേഷ് പയ്യരട്ട, ഡോ. കെ. ഷിബു എന്നിവർ പങ്കെടുത്തു.

Tags