‘ലൂപ്പ് ഓഫ് സസ്‌പെൻഡഡ് ലൈൻസ്’ ഗ്രൂപ്പ് ഷോയ്ക്ക് കണ്ണൂർഗാലറി ഏകാമിയിൽ തുടക്കമായി

The ‘Loop of Suspended Lines’ group show has begun at Kannur Gallery Ekami

കണ്ണൂർ: അഞ്ച് പ്രമുഖ സമകാലിക ഇന്ത്യൻ കലാകാരന്മാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി കണ്ണൂർ മഹാത്മാ മന്ദിരത്തിലുള്ള ഗാലറി ഏകാമിയിൽ നടക്കുന്ന ‘ലൂപ്പ് ഓഫ് സസ്‌പെൻഡഡ് ലൈൻസ്’ എന്ന പ്രദർശനം ആരംഭിച്ചു. പ്രമുഖ കലാകാരരായ ബാലൻ നമ്പ്യാർ, വത്സൻ കൂർമ്മ കൊല്ലേരി, മുരളി ചീരോത്ത് എന്നിവരടക്കം നിരവധി കലാകാരരും കലാരംഗത്തെ പ്രമുഖരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. 

ടി.വി. സന്തോഷ്, സുമേധ് രാജേന്ദ്രൻ, ജോർജ്ജ് മാർട്ടിൻ പി.ജെ., ശൈലേഷ് ബി.ആർ., മുരളി ചീരോത്ത് എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. ഇവരുടെ ഓരോരുത്തരുടെയും സൃഷ്ടികൾ അവയുടെ സവിശേഷമായ സാഹചര്യങ്ങളിൽ വേരൂന്നിയതാണെങ്കിലും, അവ ഇടങ്ങളുടെ അതിരുകൾക്കപ്പുറത്തേക്ക് നീളുന്ന അനുഭവങ്ങളെയും ചോദ്യങ്ങളെയും സംഘർഷങ്ങളെയും അഭിമുഖീകരിക്കുകയും അതിലൂടെ വിശാലമായ മാനുഷികാവസ്ഥയിലേക്ക് വാതിൽ തുറക്കുകയും ചെയ്യുന്നു എന്ന് സംഘാടകർ പറഞ്ഞു. 

സംസ്‌കാരവും ഭൂമിയും, സ്വത്വവും ജീവിതാനുഭവങ്ങളും പരസ്പരം കണ്ടുമുട്ടുകയും കടന്നുപോവുകയും ചെയ്യുന്ന ഇടമായാണ് പ്രദർശനം മാറുന്നത്. അതുവഴി ‘ലൂപ്പ് ഓഫ് സസ്‌പെൻഡഡ് ലൈൻസ്’ സമകാലിക അനുഭവങ്ങളിലൂടെയുള്ള അപൂർണ്ണമായൊരു സഞ്ചാരമായി മാറുന്നു. ഉദ്ഘടന ചടങ്ങിന് ശേഷം കണ്ണൂർ എൻ ഐ എഫ് റ്റി യിലെ വിദ്യാർത്ഥികളുമായി മുരളി ചീരോത്ത് സംവദിച്ചു. നവംബർ 21 വരെ പ്രദർശനം തുടരും.

Tags