തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ്:പന്ന്യന്നൂർ മൂന്നാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി


കണ്ണൂർ : ഉപതെരഞ്ഞെടുപ്പ് നടന്ന പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് എൽ.ഡി.എഫ്. നിലനിർത്തി. എൽ. ഡി. എഫ് സ്ഥാനാർത്ഥി ശരണ്യസുരേന്ദ്രൻ499 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ നിര്യാതനായതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് ഇക്കുറി നേട്ടമുണ്ടായി. തെരഞ്ഞെടുപ്പ് നടന്ന 28 വാർഡുകളിൽ 17 എണ്ണത്തിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ബിജെപിയ്ക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ഒരു സീറ്റിൽ എസ്ഡിപിഐ വിജയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ കാസർകോട് ജില്ലയിലെ രണ്ട് വാർഡുകളിൽ നേരത്തെ എതിരാളികളില്ലാത്തതിനാൽ എൽഡിഎഫ് വിജയിച്ചിരുന്നു. ബാക്കി 28 വാർഡുകളിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ്.

തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം സിറ്റിങ് സീറ്റ് നിലനിർത്തി. സിപിഐഎമ്മിലെ വി ഹരികുമാർ ബിജെപിയിലെ മിനിയെ 12 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാർഡിൽ എസ്ഡിപിഐ നേടിയ വിജയമാണ് ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായത്. യുഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റിലായിരുന്നു എസ്ഡിപിഐ സ്ഥാനാർത്ഥിയായ മുജീബ് പുലിപ്പാറ 226 വോട്ടിന് വിജയിച്ചത്.
തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡിലും സിറ്റിങ്ങ് സീറ്റിൽ യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എൽഡിഎഫ് സ്ഥാനാർഥി സൈദ് സബർമതിയാണ് ഇവിടെ അട്ടിമറി വിജയം നേടിയത്. യുഡിഎഫ് പഞ്ചായത്ത് അംഗം രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാർഡിൽ യുഡിഎഫിന് വിജയം. സേവ്യർ ജെരോൺ 269 വോട്ടിനാണ് ഇവിടെ വിജയിച്ചത്. എൽഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.