തളിപ്പറമ്പിനെ എഡ്യൂക്കേഷണൽ ഹബ്ബാക്കും;സമഗ്രമാറ്റം ലക്ഷ്യമിട്ട് എൽഡിഎഫ് മണ്ഡലം പ്രകടനപത്രിക
തളിപ്പറമ്പ് : കേരളത്തിന്റെ വികസന ചരിത്രത്തിൽ തളിപ്പറമ്പിന്റെ നാഴികക്കല്ലാകുന്ന മയ്യിൽ കുറ്റ്യാട്ടൂർ കാർഷിക കോറിഡോറും തളിപ്പറന്പിനെ എഡ്യൂക്കേഷണൽ ഹബ്ബാക്കി മാറ്റുമെന്നതുമുൾപ്പെടെ സമഗ്രമാറ്റം ലക്ഷ്യമിട്ട് എൽഡിഎഫ് മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ നടൻ അഭിനന്ദിന് നൽകി പ്രകാശനംചെയ്‌തു.ഹൈസ്‌കൂളുകളിൽ റോബോട്ടിക് ലാബുകളും കോഡിങ് കളരികളും ലാംഗ്വജ് ലാബുകളും വിഭാവനംചെയ്യുന്ന ആരോഗ്യ–ടൂറിസം– കായിക– വ്യവസായ–സംരംഭകത്വ–തൊഴിൽസേവന മേഖലയിൽ ജനക്ഷേമപദ്ധതികളുമാണ് വിഭാവനംചെയ്‌തത്.
വികസന ക്ഷേമപ്രവർത്തനങ്ങളിൽ കൃത്യവും വ്യക്തവുമായ നിലപാടുള്ളത് എൽഡിഎഫിന് മാത്രമാണെന്ന് പി ജയരാജൻ പറഞ്ഞു. പതിറ്റാണ്ടിന്റെ വികസന തുടർച്ചയാണ് എൽഡിഎഫ് ലക്ഷ്യം വെക്കുന്നതെന്നും അതിലേക്കുള്ള ചുവടുകളാണിതിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ വി ഗോപിനാഥ് അധ്യക്ഷനായി. പ്രചരണ ഗാനവും പ്രകാശിപ്പിച്ചു. നേതാക്കളായ കെ സന്തോഷ്, എൻ അനിൽകുമാർ, പി മുകുന്ദൻ, പി രവീന്ദ്രൻ, അനിൽ പുതിയ വീട്ടിൽ, പി മുജീബ് റഹ്മാൻ, വി സതീദേവി, കെ ചന്ദ്രൻ, സമീറുല്ലാഖാൻ, വേലിക്കാത്ത് രാഘവൻ ടി എസ് ജയിംസ്, സി അബ്ദുൾ കരീം തുടങ്ങിയവർ സംബന്ധിച്ചു. കെ സി ഹരികൃഷ്‌ണൻ സ്വാഗതം പറഞ്ഞു.
പഴ–-കിഴങ്ങുവർഗ സംസ്‌കരണ തൊഴിൽ പരിശീലന കേന്ദ്രം, മയ്യിൽ - കുറ്റ്യാട്ടൂർ മേഖലയിൽ ഒരു ഉന്നത വിദ്യാഭ്യാസകേന്ദ്രം,നഗരകേന്ദ്രങ്ങളിൽ മൾട്ടിലെവൽ കാർപാർക്കിങ് സെന്റർ, വർക്കിങ് വുമൻസ് ഹോസ്റ്റൽ,മാങ്ങാട്ടുപറമ്പിൽ ഫയർസ്‌റ്റേഷനും മലപ്പട്ടത്ത് വ്യവസായ പാർക്ക്, കുടുംബശ്രീ സ്‌റ്റേ ഹോം കൂവേരി, മലപ്പട്ടം ജലഗതാഗത സൗകര്യം,അമ്മയുംകുഞ്ഞും ആശുപത്രിയിൽ ഗൈനക് ഓങ്കോളജി,
കിടപ്പ് രോഗികൾക്കെല്ലാം സാന്ത്വനപരിചരണം,താലൂക്ക് ആശുപത്രിയിൽ ഡേ കീമോ തെറാപ്പി സെന്റർ
സ്കിൽ ഡവലപ്മെന്റ് ആൻഡ് ജോബ് റിക്രൂട്ട്മെന്റ് അക്കാദമി, മൾട്ടിപർപ്പസ് കൾച്ചറൽ സെന്റർ,
രാജരാജേശ്വര ക്ഷേത്രത്തിന്റെ ഭാഗമായി മിനി കലാമണ്ഡലം, പൊതുസ്ഥലങ്ങളിൽ സൗരോർജ്ജ പ്ലാന്റ്
‘ഇവി റെഡി തളിപ്പറമ്പ്’,വീട്ടമ്മമാർക്ക് വർക്ക് അറ്റ് ഹോം ക്രാഷ് കോഴ്സുകൾ, കോഫീഹൗസ് മാതൃകയിൽ കുടുംബശ്രീ കഫേ, മൾട്ടി ലവൽ ജോബ് പാർക്ക് കം ട്രെയിനിങ് അക്കാദമി, പകൽ വീടുകളിൽ ഡോക്ടർമാരും മരുന്നുകളും തുടങ്ങിയവയാണ് പത്രികയിലെ പ്രധാന നിർദ്ദേശങ്ങൾ.
.jpg)


