ഹൈകോടതി ഉത്തരവ് കാറ്റിൽ പറത്തി പിണറായി ടൗണിൽ റോഡരികിൽ വൻ കമാനങ്ങൾ, യാത്രക്കാർക്ക് അപകട ഭീഷണിയുയർത്തുന്നു

Large arches on the roadside in Pinarayi Town
Large arches on the roadside in Pinarayi Town

മാസങ്ങൾക്ക് മുൻപ് റോഡരികിലെ കൊടിതോരണങ്ങൾ അഴിച്ചു മാറ്റിയതിന് സി.പി.എം പ്രാദേശിക നേതാക്കൾ പിണറായി പഞ്ചായത്ത് ഓഫീസിൽ കയറി ഭീഷണി മുഴക്കിയിരുന്നു..

കണ്ണൂർ: യാത്രക്കാർക്ക് അപകട ഭീഷണിയുയർത്തും വിധത്തിൽ മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽ റോഡരികിൽ വൻ കമാനങ്ങൾ ഉയരുന്നു. പിണറായി പെരുമ മഹോത്സവത്തിൻ്റെ ഭാഗമായാണ് പത്തോളം കമാനങ്ങൾ സ്ഥാപിച്ചത്. ഇതു യാത്രക്കാർക്ക് അപകട ഭീഷണിയുണ്ടാക്കുമെന്ന പരാതിയുയർന്നിട്ടുണ്ട്. നിത്യേനെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തലശേരി - അഞ്ചരകണ്ടി റോഡിലാണ് പിണറായി ടൗൺ സ്ഥിതി ചെയ്യുന്നത്.

വൻകിട കണ്ടെയ്നർ ലോറികൾ കോഴിക്കോടേക്ക് കടന്നുപോകുന്നത് ഇതുവഴിയാണ്. റോഡരികിൽ കമാനങ്ങൾ സ്ഥാപിച്ചതു കാരണം വഴി യാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വാഹന യാത്രക്കാരുടെ കാഴ്ച്ച തടസപ്പെടുത്തുന്ന വിധത്തിൽ പരസ്യ ബോർഡുകളോ കമാനങ്ങളോ സ്ഥാപിക്കരുതെന്ന ഹൈകോടതി ഉത്തരവുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ്റെ ജന്മനാടായ പിണറായിയിൽ തന്നെ അതു ലംഘിക്കപ്പെടുകയാണ്.

ഒരാഴ്ച്ചയിലേറെ നീളുന്ന പിണറായി മഹോത്സവത്തിൻ്റെ ഭാഗമായുള്ള പരിപാടികൾ കൂടുതൽ നടക്കുന്നത് പിണറായി കൺവെൻഷൻ സെൻ്ററിലാണ്. മാസങ്ങൾക്ക് മുൻപ് റോഡരികിലെ കൊടിതോരണങ്ങൾ അഴിച്ചു മാറ്റിയതിന് സി.പി.എം പ്രാദേശിക നേതാക്കൾ പിണറായി പഞ്ചായത്ത് ഓഫീസിൽ കയറി ഭീഷണി മുഴക്കിയിരുന്നു..

അതിനാൽ ഈ കാര്യത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെടാൻ മടിക്കുകയാണ്. സി.പി.എമ്മിൻ്റെ നേതൃത്വത്തിലാണ് പിണറായി മഹോത്സവം നടക്കുന്നത്. ഡി.ടി.പി.സിയും റിവർ ഫെസ്റ്റ് ഉൾപ്പെടെയുള്ള പരിപാടികളുമായി സഹകരിക്കുന്നുണ്ട്. പിണറായി സർവീസ് സഹകരണ ബാങ്ക് മുതൽ കൺവെൻഷൻ സെൻ്റർ വരെയാണ് കവാടങ്ങൾ സ്ഥാപിച്ചിട്ടുള്ളത്.

Tags

News Hub