സേലം രക്തസാക്ഷികളുടെ ഓർമ്മകൾ ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരും : കെ.വി വസന്ത കുമാർ


കണ്ണൂര്‍ : സേലം രക്തസാക്ഷി ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് അഖിലേന്ത്യാ കിസാൻസഭ കണ്ണൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു.
അനശ്വരരായ സേലം രക്തസാക്ഷികളുടെ സ്മരണ ഓരോ കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകനും ആവേശം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.മലബാറിലെ വിവിധങ്ങളായ കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റ് പോരാളികളെ ആണ് ജയിൽ നടത്തിയ അതിക്രൂരമായ വെടിവെയ്പ്പിലൂടെ ഇല്ലായ്മ ചെയ്തത്.
ജയിൽവളപ്പിലും മുറികളിലുമായി 22 സഖാക്കളെ ഭരണകൂടഭീകരത കൊലപ്പെടുത്തി. നിരവധി സഖാക്കൾക്ക് വെടിവെയ്പ്പിൽ പരിക്കേൽക്കുകയും ചെയ്തു. ധീരവിപ്ലവകാരികള്‍ രക്തസാക്ഷികളായിട്ട് 75 വര്‍ഷം തികയുന്ന ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് സഖാക്കളുടെ ജീവത്യാഗം ഇന്നും കരുത്തോടെ പൊരുതാനുള്ള ഊര്‍ജ്ജം നല്‍കുന്നുവെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കിസാന്‍സഭ സംസ്ഥാന വൈസ് വൈസ് പ്രസിഡന്റ് എ പ്രദീപന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി കെ മധുസൂദനന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി പി ഷൈജന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ വി ഗോപിനാഥന്‍, കെ പി കുഞ്ഞികൃഷ്ണന്‍, കെ സി അജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.