ഓപ്പറേഷൻ തൂഫാൻ : കൂത്തുപറമ്പിൽ കഞ്ചാവ് ചെടികൾ പോലീസ് പിടിച്ചെടുത്തു
കൂത്തുപറമ്പ്: ആളൊഴിഞ്ഞ പറമ്പിൽ വളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ കൂത്തുപറമ്പ് പോലീസ് പിടിച്ചെടുത്തു. മെരുവമ്പായി ഭാഗത്ത് പുഴക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് ചെടികൾ കണ്ടെത്തിയത്.
ഈ പ്രദേശത്ത് കഞ്ചാവ് ചെടികൾ വളർത്തുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പഴയ സിമന്റ് ചാക്കുകളിൽ മണ്ണ് നിറച്ച് അതിൽ നാല് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബെജിൻ കെ. ബെന്നി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീഷ്, സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ഷിജിൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കണ്ടെടുത്ത കഞ്ചാവ് ചെടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
.jpg)

