എസ്ഐആറിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് അരാജകത്വം സൃഷ്ടിച്ച് നിയമ വ്യവസ്ഥ തകർക്കാൻ ശ്രമം: കുമ്മനം
കണ്ണൂർ: എസ്ഐആറിന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് പൊതു സമൂഹത്തിൽ ആശയകുഴപ്പമുണ്ടാക്കി അരാജകത്വം സൃഷ്ടിച്ച് നിയമ വ്യവസ്ഥ തകർക്കാനാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.
അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി ബിജെപി കണ്ണൂർ നോർത്ത്, സൗത്ത് ജില്ലാ കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ നടന്ന ജനാധിപത്യ സംരക്ഷണ പദയാത്രയ്ക്ക് ശേഷം സ്റ്റേഡിയം കോർണ്ണറിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഐആറിന്റെ പേരിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് ഇനി ഏന്ത് ചെയ്യണം, എങ്ങോട്ട് പോകണം, ഏത് രീതിയിൽ ഇനി സമരം നടത്തണം എന്നത് സംബന്ധിച്ച് ആശ.യ കുഴപ്പത്തിലാണ്. മോദിയും ഗ്യാനേഷ് കുമാറും രാജിവെയ്ക്കണമെന്ന് പറഞ്ഞ് സമരം നടത്തുന്ന കമ്മ്യൂണിസ്റ്റുകൾക്ക് ഡൽഹിയിൽ രാഹുൽ ഗാന്ധിയാണ് നേതാവ്. അയാൽക്ക് വേണ്ടി ജയ് വിളിക്കുന്നു. കേരളത്തിൽ വന്ന് അസഭ്യം പറയുന്നു. ഏത് പ്രത്യയ ശാസ്ത്രമാണിതെന്ന് കുമ്മനം ചോദിച്ചു.
രാജ്യത്ത് റേഷൻ കാർഡും വോട്ടർ പട്ടികയും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെടേണ്ടതല്ലെ. രണ്ടിലും പേര് കൂട്ടിചേർക്കാനും ഒഴിവാക്കാനും നിയമാനുസൃതമായ നടപടി ക്രമങ്ങളുണ്ട്. അത് ചെയ്യുമ്പോൾ പറ്റില്ലെന്ന് പറയുന്നത് ജനാധിപത്യത്തോടുളള വെല്ലുവിളിയാണ്. വളരെ ദ്രുത ഗതിയിൽ വ്യവസ്ഥാപിതമായി, സുതാര്യമായി ഇലക്ഷൻ കമ്മീഷൻ പ്രവർത്തിക്കുകയാണ്. കഴിഞ്ഞ 50 വർഷക്കാലമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും കോൺഗ്രസ് പരാജയപ്പെട്ടത് എസ്ഐആർ പരിഷ്ക്കാരം കൊണ്ടാണോ. ഇനിയൊരിക്കലും രാജ്യ ഭരണം ലഭിക്കില്ലെന്ന് ബോധ്യമായപ്പോൾ ജനാധിപത്യത്തെ അട്ടിമറിച്ച് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് രാഹുൽ ഗാന്ധിയും കൂട്ടരും. തമിഴ്നാട്ടിലും കേരളത്തിലും എസ്ഐആർ നല്ലതും മറ്റിടങ്ങളിൽ മോശവുമാകുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ചിലയിടങ്ങളിൽ കുഴപ്പം, മറ്റ് ചിലയിടങ്ങൽ കുഴപ്പമില്ല. ഇതെന്തൊരു ആഭാസമാണ്.
പ്രക്ഷോഭകർ പറയുന്നു ബംഗ്ലാദേശും നേപ്പാളുമാണ് പ്രചോദനമെന്ന്. ഇതിൽ നിന്നു തന്നെ ഇവരുടെ ഉളളിലിരുപ്പ് വ്യക്തമാണ്. കേരള മാധ്യമങ്ങൾ സമരാഭാസത്തെ പർവ്വതീകരിച്ച് കാണിക്കുകയാണ്. സമരക്കാർ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ സമരത്തിന്റെ പൊളളത്തരവും ഗൂഢലക്ഷ്യവും തിരിച്ചറിഞ്ഞു കഴിഞ്ഞു. നരേന്ദ്രമോദി സർക്കാരും ബിജെപിയും ആദർശാഥിഷിഠിതവും തത്വാഥിഷ്ഠിതവും സർഗ്ഗാത്കവുമായ രാഷ്ട്രീയമാണ് മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അരാജകത്വ-അക്രമ രാഷ്ട്രീയമാണ് മുന്നോട്ട്വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി അഖിലേന്ത്യാ സെക്രട്ടറി എം. വെങ്കിടേഷ്, ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ, മുൻ ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ. വി.കെ. സജീവൻ, കണ്ണൂർ മേഖലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, പി.കെ. വേലായുധൻ, എ. ദാമോദരൻ, സി. രഘുനാഥ്, എ.പി. പത്മിനി ടീച്ചർ, സംസ്ഥാന സമിതിയംഗങ്ങളായ എൻ. ഹരിദാസ്, പി. സത്യപ്രകാശൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി സ്വാഗതവും നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ് നന്ദിയും പറഞ്ഞു.
.jpg)

