30,000 വനിതകൾക്ക് തൊഴിലവസരങ്ങളുമായി കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ രംഗത്തിറങ്ങുന്നു
കണ്ണൂർ : വനിതകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിച്ച് വികസനത്തിന്റെ പുത്തൻ പാത തുറക്കുന്ന ഉയരെ ക്യാമ്പയിനിൽ കണ്ണൂർ ജില്ലയിലെ 30,000 വനിതകൾക്ക്തൊഴിൽ ലഭ്യമാക്കും. കുടുംബശ്രീ മിഷൻ വിജ്ഞാന കേരളവുമായി സഹകരിച്ചാണ് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നത്.
സാന്ത്വന പരിചരണം, നിർമാണ മേഖല, സ്‌കിൽ അറ്റ് കോൾ, ഷോപ്പ് അറ്റ് ഡോർ, പരമ്പരാഗത ജോലികൾ എന്നീ മേഖലകളിലാണ് തൊഴിൽ നൽകുക.
ഇലക്ട്രീഷ്യൻ, പ്ലംബർ, പെയിന്റർ, ഗാർഡനിംഗ്, ലാൻഡ് സ്‌കേപ്പിംഗ്, ലോൺട്രി, അയണിംഗ് സർവീസ്, മൊബൈൽ കാർവാഷ് തുടങ്ങി വീടുകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ അറ്റകുറ്റപ്പണി -പരിപാലന സേവനങ്ങൾ നൽകുന്നതാണ് സ്‌കിൽ അറ്റ് കോൾ.
താൽപര്യമുള്ള മേഖലകൾ പരിഗണിച്ച് കുടുംബശ്രീയിൽ എം പാനൽ ചെയ്ത സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, റുഡ്സെറ്റ് എന്നിവിടങ്ങളിൽ പരിശീലനം നൽകിയ ശേഷമാണ് നിയമനം.
സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ട് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും തുല്യനീതിയും ഉറപ്പാക്കാൻ ഒരുക്കുന്ന സമഗ്രമായ പദ്ധതിയാണ് 'ഉയരെ'. വനിതകളുടെ തൊഴിൽ പങ്കാളിത്തം 20 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തുന്നതോടൊപ്പം സ്ത്രീകളിൽ സംരംഭകത്വം വളർത്തുക, ദാരിദ്ര്യ നിർമാർജനം സാധ്യമാക്കുക, വേതനാധിഷ്ഠിത തൊഴിലുകൾക്ക് മുൻഗണന നൽകി സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്.
ക്യാമ്പയിൻ ഏപ്രിൽ 30ന് അവസാനിക്കും.
.jpg)


