വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള വേട്ടയാടൽ;ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ
കണ്ണൂർ: വീണ ജോർജിനെ കരിങ്കൊടി കാണിച്ചതു മുതൽ ഭീഷണികളും വേട്ടയാടലുകളുമാണ് തനിക്കെതിരെ നടക്കുന്നതെന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ ഫേസ്ബുക്കിൽ കുറിച്ചു. സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അതുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സാമ്പത്തിക വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും അതുൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
വാർത്തകളും പരാതിയും കണ്ടു..വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതൽ പലവിധത്തിൽ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്. നിന്നെ ഫിനിഷ് ചെയ്യും' എന്നാണ് അടക്കം പറിച്ചിൽ. എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്. പക്ഷേ ഇത് അല്പം കടന്ന കയ്യായ്പ്പോയി. ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല. വിവിധ ക്യാമ്പസുകളിൽ സംഘടനാ പ്രവർത്തനം നടത്തി പല വിദ്യാർഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയിൽ അവർക്കൊക്കെ എൻ്റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നാണ് കരുതുന്നത്.
സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും. ഒരുപാട് ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്നും കടം മേടിച്ചും തിരിച്ചു കൊടുത്തും പല സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെ പൊതുപ്രവർത്തനം നടത്തി മുന്നോട്ട് പോകുന്ന സാധാരണക്കാരനാണ് ഞാനും. ഇപ്പോഴും കടവും ലോണുകളുമല്ലാതെ വ്യക്തിപരമായി ഈ പൊതുപ്രവർത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല.
വേദനകളും യാതനകളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടുണ്ടെങ്കിലും ഈ പൊളിറ്റിക്സിൽ നിലനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഇതിനോടുള്ള പാഷനും കോൺഗ്രസിൻ്റെ ലെഗസിയുമാണ്. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനിൽ തൽക്കാലം ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ല. (കേസിനെ ബാധിക്കുന്നത് കൊണ്ട്). ബാങ്ക് സ്റ്റേറ്റ്മെൻ്റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും. കോടതി നീതി ഉറപ്പാക്കട്ടെ. കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും തുടരുന്നവരുടെ ഉദ്ദേശം മറ്റൊന്നാണല്ലോ. അവർക്ക് വിശദീകരണങ്ങളും പോരാതെ വരും.
ഒരു യാത്രയ്ക്കിടെലൈംഗിക ഉദ്യേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് എം സി അതുലിനെതിരെ കേസെടുത്തിരിക്കുന്നത്.വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർക്ക് നൽകിയ യുവതിയുടെ പരാതിയില്‍ എസ് പി യുടെ നിർദ്ദേശപ്രകാരംകണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതുല്‍ നിലവില്‍ ഒളിവിലാണെന്നാണ് സൂചന. കെഎസ്‌യു പ്രവര്‍ത്തകയായ യുവതിക്ക് 2018 മുതല്‍ അതുലുമായി സൗഹൃദമുണ്ട്. ഈ വര്‍ഷം ഒരു യാത്രയ്ക്കിടെയാണ് ഇത്തരത്തില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.കെഎസ്‌യു പ്രവര്‍ത്തകയായ യുവതി പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതോടെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടന്നെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യുവതി നല്‍കിയ പരാതിയിലാണ് വനിതാ പൊലീസ് കേസെടുത്തത്. വിവിധ സമയങ്ങളിലായി 1,60,000 രൂപയാണ് അതുലിന് യുവതി നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്.
.jpg)

