കണ്ണൂരിൽ എക്സൈസ് ഓഫീസ് മാർച്ചിനിടെ റോഡ് ഉപരോധിച്ച കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്തു


കണ്ണൂർ : ലഹരി മാഫിയയെ തടയണമെന്ന് ആവശ്യപ്പെട്ട്എക്സൈസ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയകെ എസ് യു പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.
പ്രതിഷേധ മാർച്ച് പൊലിസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞതിനെ തുടർന്ന് ദേശീയപാതയിൽ കുത്തിയിരുന്ന് ഗതാഗതം തടസപ്പെടുത്തിയതിനും എക്സൈസ് ഓഫിസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനുമാണ് നേതാക്കൾ ഉൾപ്പെടെയുള്ള 50 പേർക്കെതിരെ കേസെടുത്തത്.കേരളത്തിലേക്കുള്ള രാസ ലഹരിയുടെ ഒഴുക്ക് തടയുന്നതിൽ എക്സൈസ് വകുപ്പും ആഭ്യന്തരവും പൂർണ്ണ പരാജയമാണെന്ന് സജീവ് ജോസഫ് എം എൽ എ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.
കേരളത്തിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ വൻ വർധനയാണുണ്ടാകുന്നതെന്നും പോലീസും എക്സൈസും നോക്കുകുത്തികളായി നിൽക്കുന്ന സാഹചര്യം അതീവ ഗൗരവമാണെന്നും കാഴ്ചക്കാരെപ്പോലെ എല്ലാം നോക്കി നിന്ന് കാണുന്ന ഭരണ സംവിധാനം ഒരു തലമുറയെ ആകെ ഇല്ലാതെയാക്കുന്ന ലഹരി മാഫിയയ്ക്ക് രഹസ്യ പിന്തുണ കൊടുക്കുന്നതിന് തെളിവാണെന്നും സജീവ് ജോസഫ് എം എൽ എ പറഞ്ഞു.
ഡി സി സി ഓഫിസിൽ നിന്നും ആരംഭിച്ച മാർച്ച് എക്സൈസ് ഓഫിസിലേക്കുള്ള ഗേറ്റിൽ പോലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. പോലീസുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി.പിരിഞ്ഞ് പോവാതെ ദേശീയ പാതയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ കണ്ണൂർ ടൗൺ സി ഐ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി.

കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,ജില്ലാ വൈസ് പ്രസിഡന്റുമാരായ അമൽ തോമസ്,ആഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, കാവ്യ ദിവാകരൻ,രാഗേഷ് ബാലൻ,അർജുൻ കോറോം,അലക്സ് ബെന്നി,അനഘ കുന്നോൽ,അഭിജിത്ത് നടുവിൽ, റയീസ് തില്ലങ്കേരി,വൈഷ്ണവ് അരവഞ്ചൽ,അക്ഷയ് മാട്ടൂൽ , മുബാസ് സി എച്ച് ,സൂരജ് പരിയാരം, നഹീൽ ഇരിക്കൂർ,നവനീത് ഷാജി, അർജുൻ ചാലാട്, വൈഷ്ണവ് കായലോട്, സൂര്യ തേജ് എ എം,വിവേക് പാലയാട്, അഹമ്മദ് യാസിൻ, ഹരികൃഷ്ണൻ പൊറോറ, പ്രകീർത്ത് മുണ്ടേരി എന്നിവർ പ്രസംഗിച്ചു.