കെഎസ്എസ്ഐഎ തളിപ്പറമ്പ് താലൂക്ക് ജനറൽ ബോഡി യോഗം ജൂലൈ 26ന്
തളിപ്പറമ്പ് : കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (KSSIA) തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ജൂലൈ 26 ഞായറാഴ്ച രാവിലെ 9.30ന് തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ നടക്കും. തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി. കെ. സുബൈർ ഉദ്ഘാടനം നിർവഹിക്കും.
കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (MSME) മേഖലയിലെ സംരംഭകരുടെ ഏറ്റവും വലിയ പ്രതിനിധി സംഘടനകളിലൊന്നായ കെഎസ്എസ്ഐഎയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ജനറൽ ബോഡി യോഗത്തിൽ ചർച്ചയാകും. താലൂക്കിലെ അംഗങ്ങൾക്കും സംരംഭകർക്കും പ്രയോജനപ്പെടുന്ന വിവിധ വിഷയങ്ങൾ യോഗത്തിന്റെ പ്രധാന അജണ്ടയിലുണ്ട്.
1961-ൽ സ്ഥാപിതമായ കെഎസ്എസ്ഐഎ, 1955-ലെ തിരുവിതാംകൂർ-കൊച്ചി ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ്. ആറു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ചെറുകിട വ്യവസായ മേഖലയിലെ സംരംഭകരുടെ അവകാശങ്ങളും വികസന ആവശ്യങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്ന സംഘടനയായി കെഎസ്എസ്ഐഎ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും ജില്ലാ യൂണിറ്റുകൾ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കളമശ്ശേരിയിലാണ് സംസ്ഥാന ആസ്ഥാനം.
സംരംഭകത്വ വികസനം, വ്യവസായ വളർച്ച, നയരൂപീകരണം, സർക്കാർ പദ്ധതികളുടെ പ്രചാരം, പുതിയ ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ അംഗങ്ങളിലേക്ക് എത്തിക്കുന്നതിൽ കെഎസ്എസ്ഐഎ സജീവ പങ്കുവഹിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ വികസന ഏജൻസികൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സംഘടന വിവിധ സെമിനാറുകൾ, പരിശീലന പരിപാടികൾ, വ്യവസായ പ്രദർശനങ്ങൾ, വ്യാപാരമേളകൾ എന്നിവയും സംഘടിപ്പിക്കുന്നു.
സംഘടനയുടെ ഭാരവാഹികൾ ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ വിവിധ സ്റ്റാറ്റ്യൂട്ടറി ഉപദേശക സമിതികളിൽ അംഗങ്ങളായതിനാൽ വ്യവസായ നയരൂപീകരണത്തിലും ചെറുകിട സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലും കെഎസ്എസ്ഐഎയ്ക്ക് നിർണായക പങ്കുണ്ട്. വാർത്താസമ്മേളനത്തിൽ താലൂക്ക് പ്രസിഡന്റ് ടി. മുഹമ്മദ്, സെക്രട്ടറി സി. ലക്ഷ്മണൻ, ഡി അബ്ദുൾകരീം, പി അഭിലാഷ്,എ വി രതീഷ്, ഹനീഫ കെ പി എന്നിവർ പങ്കെടുത്തു.
.jpg)

