ഏവർക്കും പ്രിയങ്കരനായ ജനകീയ ഉദ്യോഗസ്ഥന് നാടിൻ്റെ യാത്രാമൊഴി; നാടിന് കനത്ത നഷ്ടമായി കെ.സത്യൻ്റെ വിയോഗം


കണ്ണൂർ : ഏവർക്കുംപ്രിയങ്കരനായ ജനകീയ സർക്കാർ ഉദ്യോഗസ്ഥന് നാടിൻ്റെ യാത്രാമൊഴി. മൊകെരി പഞ്ചായത്ത് സെക്രട്ടറിയും പെരളശേരി മൂന്നു പെരിയ സ്വദേശിയുമായ കെ. സത്യന് അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് മൂന്നു പെരിയയിലെ വീട്ടിലും മൂന്നാം പാലം നവജീവൻ വായനശാലയിലും പൊതുദർശനത്തിന് വെച്ചപ്പോൾ എത്തിയത്.
കോൺഗ്രസ് പ്രവർത്തകനായിരുന്ന കെ. സത്യൻ രാഷ്ട്രീയ ഭേദമന്യേ ഒരിക്കൽ പരിചയപ്പെട്ടവരുടെയെല്ലാം മനസിൽ ഇടം പിടിച്ച വ്യക്തിത്വമായിരുന്നു.. നാട്ടിൽ മൂന്നാം പാലത്തുള്ള നവജീവൻ വായനശാലയുടെ സ്ഥാപക ഭാരവാഹിയും മാവിലക്കാവ് ക്ഷേത്രം സംരക്ഷണ സമിതി ഓഡിറ്ററുമായിരുന്നു.. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ ജില്ലാ നേതാവുമായിരുന്ന കെ. സത്യൻ്റെ സൗമ്യപൂർണമായ ഇടപെടൽ ആരെയും ആകർഷിച്ചിരുന്നു.

വിവിധ പഞ്ചായത്തുകളിൽ ജോലി ചെയ്യുമ്പോൾ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ രാഷ്ട്രീയത്തിൻ്റെയോ, സ്ഥാനമാനങ്ങളുടെ വലുപ്പം നോക്കാതെ നിയമപരമായി തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുത്തു. സത്യൻ ജോലി ചെയ്യുന്ന ഇടങ്ങളിൽ അദ്ദേഹത്തിൻ്റെ പേര് ചോദിച്ചു എത്തുന്നവരും ഉപദേശങ്ങൾ തേടുന്നവരെയും യാതൊരു വൈമനസ്യമോ തിരക്കോ കാണിക്കാതെ ജോലിയിൽ വ്യാപൃതനാകുമ്പോഴും അദ്ദേഹം. പുഞ്ചിരിച്ചു കൊണ്ടു ക്ഷമയോടെ കേൾക്കാനുള്ള സന്നദ്ധത കാണിച്ചു.
വിദ്യാർത്ഥിയായിരിക്കെ തന്നെ പൊതു പ്രവർത്തനം നടത്തിയതിൻ്റെ പരിചയവും ഏതു കാര്യത്തിലുള്ള സന്നദ്ധതയുമാണ് ജനമനസ് അറിയുന്ന ഉദ്യോഗസ്ഥനാക്കി അദ്ദേഹത്തെ മാറ്റിയത്. സി.പി.എം മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന മൊകെരിയിലും പെരളശേരിയിലുമൊക്കെ പഞ്ചായത്ത് ഭരണസമിതി യോട് ചേർന്നുനിന്നു പോകാനാണ് അദ്ദേഹം ശ്രമിച്ചത്. അതുകൊണ്ടു. തന്നെ എതിർപാർട്ടിക്കാർക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം 'എല്ലാവർക്കും പ്രിയങ്കരനായ ഉദ്യോഗസ്ഥനെയാണ് നാടിന് നഷ്ടമായതെന്ന് മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. വത്സൻ്റെ അനുശോചന വാക്കുകൾ നിന്നുതന്നെ ഇതു വ്യക്തമാണ്.
വൻ ജനാവലിയുടെ സാന്നിദ്ധ്യത്താൽ പെരളശേരി കുഴിക്കിലായി യുള്ള പഞ്ചായത്ത് ശ്മശാനത്തിലാണ് തിങ്കളാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെ സംസ്കാര ചടങ്ങുകൾ നടന്നത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു കൊണ്ടുള്ള ചടങ്ങിൽ പങ്കെടുത്തു. ഞായറാഴ്ച്ച ഉച്ചയോടെയാണ് മൂന്നു പെരിയയിലെ വീട്ടിൽ സത്യൻ കുഴഞ്ഞുവീണത്. ഉടൻ ബന്ധുക്കൾആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രജനിയാണ് ഭാര്യ (പെരളശേരി എ.കെ.ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ) ഏകമകൾ ശിവപ്രിയ സത്യ (മെഡിക്കൽ വിദ്യാർത്ഥിനി തിരുവനന്തപുരം മെഡിക്കൽ കോളേജ്)