കണിവെള്ളരിയും കൃഷ്ണപ്രതിമയും: കണിയൊരുക്കാൻ നാടു നഗരവും വിഷുതിരക്കിൽ


കണ്ണൂർ : വിഷു തിരക്കിലമർന്ന് നാടും നഗരവും വിപണിയും. മധ്യ വേനലവധിയായതിനാൽ കുട്ടികളടക്കം കുടുംബങ്ങൾ ഒന്നാകെയാണ് വിപണികളിൽ എത്തുന്നത്. ഇതുകൊണ്ട് തന്നെ തുണിക്കടകളിലും, ഗൃഹോപകരണ ഷോറൂമുകളിലും പഴം, പച്ചക്കറി കടകളിലും മൺപാത്ര വിപണികൾ അടക്കമുള്ള വഴിയോര വിപണികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെയും വൈകിട്ടും നഗര ദേശീയപാതയിലും മറ്റു പ്രധാന റോഡുകളിലും വൻ ഗതാഗതക്കുരുക്കുമുണ്ട്.
കണി സാധനങ്ങൾ ശേഖരിക്കാനും വിഷു സദ്യ ഒരുക്കുന്നതിന്റെ ഭാഗവുമായാണ് പച്ചക്കറി ചന്തകളിൽ തിരക്കുള്ളത്. കണി വെള്ളരിക്ക് മാത്രമായുള്ള വിപണികളിലും തിരക്ക് ഏറെയാണ്. കൃഷ്‌ണ വിഗ്രഹത്തിനും ഏറെ പേർ എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ളവരുടെ വഴിയോര വിപണികളിലും തിരക്കുണ്ട്. പടക്ക വിപണികളിൽ ഇന്നലെ രാവിലെ മുതൽ വൻ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.

കണ്ണൂർ ടൗൺ സ്ക്വയറിലെ കൈത്തറി, ഖാദി മേളയിലും വ്യവസായ വകുപ്പിന്റെ മേളയിലുമെല്ലാം നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. പുത്തൻ ഡിസൈനുകളോടെയാണ് ഖാദി വിഷുക്കോടി എത്തിച്ചിരിക്കുന്നത്. ഇതിൽ ഒന്നാണ് കലംകാരി സാരി. വിഷു പ്രമാണിച്ച് 1235 രൂപ വിലയുള്ള സാരി റിബേറ്റ് കഴിച്ച് 865 രൂപയക്കാണ് വിൽക്കുന്നത്. കോട്ടൺ സാരികളും പയ്യന്നൂർ പട്ട് സാരികളും ശേഖരത്തിലുണ്ട്. കൈത്തറി മേളയിൽ വിഷു പ്രമാണിച്ച് 20 ശതമാനം റിബേറ്റിലാണ് വിൽപന നടക്കുന്നത്.
കണി സാധനങ്ങൾ വയ്ക്കാനുള്ള മൺപാത്രങ്ങൾക്കുൾപ്പടെ 50 രൂപയിൽ നിന്ന് തുടങ്ങി 500 രൂപയാണ് വില. കണ്ണൂർ നഗരത്തിൽ സ്റ്റേഡിയം കോർണറിലാണ് മൺപാത്ര വിപണി സജീവമായിട്ടുള്ളത്. പടക്ക വിപണിയിൽ പതിവ് പടക്കങ്ങൾക്ക് പുറമേ പീകോക്, ഡ്രംസ്റ്റിക്, ഓൾഡ് ഈസ് ബെസ്റ്റ്, ജിൽജിൽ എന്നിങ്ങനെ പേരുള്ള പുതിയ പടക്കങ്ങളും എത്തിയിട്ടുണ്ട്.
വിവിധ പടക്കത്തിന്റെ 999 രൂപ വിലയുള്ള കിറ്റുകളും ഇത്തവണ വിപണിയിൽ സജീവമാണ്. കണിവയ്ക്കുന്ന സമയം പുലർച്ചെ പൊട്ടിക്കാനുള്ള പടപട പടക്കത്തിന് മുൻ വർഷങ്ങളിലെ പോലെ ആവശ്യക്കാർ ഏറെയാണ്. വിഷുക്കണി സമയം തിങ്കളാഴ്ച്ച പുലർച്ചെ 4.7 നും 4.41 നും മധ്യേയുള്ള മുഹൂർത്തമാണെന്ന് ജ്യോതിഷികൾ പറഞ്ഞു.