കൊട്ടിയൂരിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ


കൊട്ടിയൂർ: ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ. കഴിഞ്ഞ ദിവസമാണ് ചപ്പമലയിലെ കൈനിക്കൽ വർക്കിയുടെ കശുമാവിൻ തോട്ടത്തിൽ മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ സ്ഥലം ഉടമ വനപാലകരെ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
പരിശോധനയിൽ മ്ലാവിന്റെ തലയും വാലും മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ള ഇറച്ചി കണ്ടെത്താൻ കഴിഞ്ഞില്ല. മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ ചുങ്കക്കുന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി.
മ്ലാവിനെ വെടിവെച്ച് കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം ചപ്പമലയിൽ പ്രവർത്തിക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്നും,കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രസാദ് പറഞ്ഞു.
