കൂത്തുപറമ്പ് മൊകേരി പാത്തിപ്പാലം പുഴയിൽ പരുന്തുകൾ ചത്ത നിലയിൽ ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

the hawk

കൂത്തുപറമ്പ് :മൊകേരി പാത്തിപ്പാലം പുഴയിൽ രണ്ട് പരുന്തുകളെ ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. സംസ്ഥാനത്ത് പലയിടങ്ങളിലും പക്ഷിപ്പനി ഭീതി നിലനിൽക്കെയാണ് പരുന്തുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ വിദഗ്ധ പരിശോധന ആവശ്യപ്പെട്ടിരിക്കുകയാണ് പ്രദേശവാസികൾ. വ്യാഴാഴ്ച്ച ഉച്ചയോടെ പുഴക്കരയിൽ പരുന്തുകളുടെയും, കാക്കകളുടെയും കൂട്ടതോടെയുള്ള കരച്ചിൽ കേട്ടെത്തിയവരാണ് ഒരു പരുന്തിനെ ചത്ത നിലയിലും മറ്റൊന്നിനെ ചാകാറായ നിലയിലും കണ്ടത്. ഇതും പിന്നീട് ചത്തു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. 

ചൂടായതിലുള്ളസ്വാഭാവിക മരണമാണോ വിഷബാധയാണോ അല്ലെങ്കിൽ മറ്റ് കാരണങ്ങളാണോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.
പ്രദേശത്ത് പക്ഷിപ്പനി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രീയ പരിശോധന നടത്തി യഥാർത്ഥ കാരണം കണ്ടെത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പും വനം വകുപ്പും ചേർന്ന് പരിശോധന നടത്തി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

സംഭവം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടതിനാൽ അധികൃതർ ഉടൻ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Tags