കൂത്തുപറമ്പ് ബാലൻ നമ്പ്യാർ വധം: മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു
കൂത്തുപറമ്പ്: കൂത്തുപറമ്പ് ബാലൻ നമ്പ്യാർ വധക്കേസിൽ പ്രതിചേർക്കപ്പെട്ട മുഴുവൻ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. 2005 ജനുവരി 27ന് രാത്രി 11: 30ന് കുട്ടിക്കുന്ന് എന്ന സ്ഥലത്ത് കുട്ടിക്കുന്ന് ആമ്പിലാട്ടെ സി.കെ. ബാലൻ നമ്പ്യാർ(78)നെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ വെറുതെ വിട്ടത്. ബാലൻ നമ്പ്യാരുടെ വീട്ടിൽ പ്രതികൾ ആക്രമിച്ചു കയറി ഇരുമ്പ് പാരയും ഇരുമ്പ് പൈപ്പും കൈമഴുവും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് വീട്ടുപകരണങ്ങളും മറ്റും അടിച്ച് തകർത്ത് 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കി. സ്വർണാഭരണങ്ങളും 25000 രൂപയും കവർച്ച ചെയ്തു കൊണ്ടുപോയി ഇരുമ്പ് വടികൊണ്ടും മരവടികൊണ്ടും മർദ്ദിച്ചതിനെ തുടർന്ന് ബാലൻ നമ്പ്യാർക്ക് പരിക്കുപറ്റിയെന്നും പിന്നീട് ചികിത്സയിൽ കഴിയവെ ഫിബ്രുവരി 5ന് കണ്ണൂർ എകെജി ആശുപത്രിയിൽ വച്ച് ബാലൻ നമ്പ്യാർ മരണപ്പെട്ടുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
മരണപ്പെട്ട ബാലൻ നമ്പ്യാരുടെ ജ്യേഷ്ഠനായ ശങ്കരൻ നമ്പ്യാരുടെ മകൻ സന്തോഷിനെ ബാലൻ നമ്പ്യാരുടെ ബന്ധുവായ പ്രേമൻ തൊക്കിലങ്ങാടിയിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയിരുന്നു. അതിന്റെ വൈരാഗ്യത്തിൽ മരണപ്പെട്ട സന്തോഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചുവെന്നാണ് കേസ്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച രണ്ട് കൊലപാത കേസുകളും പിന്നീട് കണ്ണൂർ ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്. സംഭവം നടന്ന 21 വർഷത്തിനുശേഷമാണ് കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാല് ജഡ്ജ്, ജെ. വിമൽ വിധിപ്രസ്താവിച്ചത്. കേസിൽ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സി.കെ. ശ്രീധരൻ അഡ്വക്കേറ്റ് പി പ്രേമരാജൻ എന്നിവരാണ് കോടതിയിൽ ഹാജരായത്.
14 പേരാണ് കേസിലെ വിചാരണ നേരിട്ട പ്രതികൾ. കേസിലെ നാലാം പ്രതി കേസിൽ ഇതുവരെ ഹാജരാവാത്തതിനാൽ അയാളുടെ കേസ് പ്രത്യേകം പരിഗണിക്കും. ദീർഘനാളത്തെ കുടുംബ വൈരാഗ്യത്തിന്റെ ഫലമായാണ് രണ്ട് കൊലപാതക സംഭവങ്ങളും അന്ന് അരങ്ങേറിയത്. സന്തോഷ് വധക്കേസിൽ പ്രതിയായ കായുണ്ട പ്രേമനെ കോടതി കൊലപാത കുറ്റത്തിന് ശിക്ഷിച്ചിരുന്നു.
.jpg)

